< Back
India
Airport
India

മങ്ങിയ റൺവേ അടയാളങ്ങൾ, ചക്രങ്ങൾ തേഞ്ഞ വിമാനങ്ങൾ; വിമാനത്താവളങ്ങളിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുരുതര വീഴ്ച

Web Desk
|
25 Jun 2025 10:04 AM IST

ചക്രങ്ങൾ തേഞ്ഞതിനാൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാന സർവീസ് നിർത്തിവെച്ചു

ഡൽഹി: വ്യോമയാന ഡയറക്ടറേറ്റ് ജനറൽ രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വ്യാപക നിയമലംഘനങ്ങൾ . റൺവേയുടെ അടയാളങ്ങൾ മങ്ങിയതായും വിമാനങ്ങളുടെ ചക്രങ്ങൾ തേഞ്ഞതായും കണ്ടെത്തി . അറ്റകുറ്റപ്പണി സമയത്ത് നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും റിപ്പോര്‍ട്ട്.

ചക്രങ്ങൾ തേഞ്ഞതിനാൽ ഷെഡ്യൂൾ ചെയ്ത ആഭ്യന്തര വിമാന സർവീസ് നിർത്തിവെച്ചു. വിമാനങ്ങളിലെ സീറ്റുകൾക്കടിയിലെ സുരക്ഷാ ഉപകരണങ്ങൾ ശരിയായി ഉറപ്പിച്ചില്ല. തകരാർ കണ്ടെത്തിയ വിമാനങ്ങളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല. ഇതിൽ ഡൽഹി, മുംബൈ എന്നിവയുൾപ്പെടെയുള്ള പ്രധാന വിമാനത്താവളങ്ങളിൽ സിവിൽ ഏവിയേഷൻ നിരീക്ഷണം നടത്തിയിരുന്നു. ഇതിൻ്റെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്.

വിമാനത്തിൻ്റെ പരിപാലനം ഉള്‍പ്പെടെ കൃത്യവിലോപം നടന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ടൂൾ നിയന്ത്രണ നടപടിക്രമങ്ങൾ പാലിച്ചില്ല. വിമാനത്തിൻ്റെ പരിപാലനം, വർക്ക് ഓർഡർ എന്നിവ പിന്തുടരുന്നില്ല, വിമാനത്തിൻ്റെ മെയിൻ്റനൻസ് റിപ്പോർട്ടുകൾ സാങ്കേതിക ലോഗ്ബുക്കിൽ റെക്കോർഡ് ചെയ്‌തിട്ടില്ല, ലൈഫ് വെസ്റ്റുകൾ സീറ്റിൽ കൃത്യമായി ഉറപ്പിച്ചിട്ടില്ല, വിംഗ്ലെറ്റിന് താഴത്തെ ബ്ലേഡിലെ നാവോൺ റെസിസ്റ്റൻ്റ് ടേപ്പ് കേടായി തുടങ്ങിയ ഗുരുതര കണ്ടെത്തലുകളാണ് റിപ്പോർട്ടിലുള്ളത്.

ഒരു വിമാനത്താവളത്തിൽ റൺവേയിലെ സെൻ്റർ ലൈൻ മാഞ്ഞുപോയ നിലയിലാണ്, ഗ്രീൻ സെൻ്റർ ലൈറ്റുകൾ കൃത്യമായി പ്രവർത്തിക്കുന്നില്ല, മൂന്ന് വർഷമായി സാങ്കേതിക ബുദ്ധിമുട്ടുകള്‍ അപ്ഡേറ്റ് ചെയ്‌തിട്ടില്ല, എയറോഡ്രോമിൻ്റെ പരിസരത്തുള്ള പുതിയ നിർമാണങ്ങളിൽ സർവേ നടത്തിയിട്ടില്ലെന്നും ഡിജിസിഎ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഏഴ് ദിവസത്തിനകം പിഴവുകൾ പരിഹരിക്കാൻ ഉത്തരവാദികളായ ഓപ്പറേറ്റർമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഭാവിയിലും സമഗ്രമായ നിരീക്ഷണ പ്രക്രിയ തുടരുമെന്ന് ഡിജിസിഎ അറിയിച്ചു. അഹമ്മദാബാദ് വിമാനദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് വ്യോമയാന മേഖലയിൽ സമഗ്ര ഓഡിറ്റ് നടത്താൻ ഡിജിസിഎ തീരുമാനിച്ചത്.

Similar Posts