< Back
India
കനത്ത ദുർഗന്ധം,മൃഗങ്ങൾക്ക് തീറ്റയാക്കാൻ പോലുമാകില്ല; മധ്യപ്രദേശിൽ റേഷന്‍കട വഴി വിതരണം ചെയ്യാനെത്തിച്ച 27 കോടി രൂപയുടെ അരി നശിച്ചു

representative image

India

കനത്ത ദുർഗന്ധം,മൃഗങ്ങൾക്ക് തീറ്റയാക്കാൻ പോലുമാകില്ല; മധ്യപ്രദേശിൽ റേഷന്‍കട വഴി വിതരണം ചെയ്യാനെത്തിച്ച 27 കോടി രൂപയുടെ അരി നശിച്ചു

Web Desk
|
10 July 2025 12:33 PM IST

നഷ്ടപരിഹാര തുക വെയർഹൗസ് ഉടമകളിൽ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍

ഡിൻഡോറി: മധ്യപ്രദേശിലെ ആദിവാസി ഭൂരിപക്ഷമേഖലയായ ഡിൻഡോറി ജില്ലയിൽ അധികൃതരുടെ അനാസ്ഥയിൽ 27 കോടിയിലധികം വിലമതിക്കുന്ന അരി നശിച്ചതായി റിപ്പോർട്ട്. സർക്കാർ വെയർഹൗസിലും നാല് സ്വകാര്യ വെയർഹൗസുകളിലുമായി സൂക്ഷിച്ചിരുന്ന ഏകദേശം 68,573 ക്വിന്റൽ (6,800 മെട്രിക് ടൺ) അരിയാണ് നശിച്ചത്.നിഗ്മണി സർക്കാർ വെയർഹൗസിൽ 5,300.27 ക്വിന്റലും ഖനൂജ വെയർഹൗസിൽ 18,545.88 ക്വിന്റലും, മാ നർമ്മദാ വെയർഹൗസിൽ 1,285.11 ക്വിന്റലും മെക്കൽസുത വെയർഹൗസിൽ 27,818.89 ക്വിന്റലും അഗർവാൾ വെയർഹൗസിൽ 15,623.49 ക്വിന്റലും അരിയാണ് കേടായിരിക്കുന്നത്. മൃഗങ്ങൾക്ക് തീറ്റയായി നൽകാൻപോലും കഴിയാത്ത രീതിയിൽ ഇവ നശിച്ചുപോയി. വെയർ ഹൗസുകൾ അറ്റകുറ്റപണി നടത്താത്തതിനാൽ ചോർന്നൊലിക്കുന്ന നിലയിലാണ്. മഴവെള്ളം ചോർന്നൊലിച്ചാണ് അരി നശിച്ചുപോയത്.

ഈ അരിയെല്ലാം റേഷൻ കടകൾ വഴി അർഹരായ ദരിദ്ര കുടുംബങ്ങൾക്ക് വിതരണം ചെയ്യാനായി എത്തിച്ചതായിരുന്നു. വെയർ ഹൗസുകാരുടെ നടത്തിപ്പുകാരുടെ അശ്രദ്ധ കാരണം സ്‌റ്റോക്ക് പൂർണമായും നശിച്ചുപോയി. രണ്ട് സ്വകാര്യ വെയർഹൗസുകളെ കരിമ്പട്ടികയിൽ പെടുത്താനും നശിച്ച അരി ലേലം ചെയ്യാനും സർക്കാർ പദ്ധതിയിടുന്നതായും റിപ്പോർട്ടുണ്ട്. ബാക്കി നഷ്ടപരിഹാര തുക വെയർഹൗസ് ഉടമകളിൽ നിന്ന് ഈടാക്കും.

2023-24 സാമ്പത്തിക വർഷത്തിൽ വിതരണം ചെയ്യാനിരുന്ന അരി 2023 മെയ് മാസത്തിലാണ് സൂക്ഷിച്ചിരുന്നത്. 2024 ഡിസംബറിൽ അരിയിൽ കീടങ്ങൾ പെരുകിയതായി പരാതികൾ ഉയർന്നു. തുടർന്ന് ജില്ലാ ഓഫീസർ റേഷൻ കടകൾക്കുള്ള വിഹിതം നിർത്തിവച്ചു. എന്നാൽ മാസങ്ങളോളം അരി ഗോഡൗണുകളിൽ കിടന്നു.അരി പൂർണമായും ഉപയോഗ ശൂന്യമായതായി ജബൽപൂരിൽ നിന്നുള്ള പരിശോധനാ സംഘം വ്യക്തമാക്കി.

കൂടുതൽ വാടക ഈടാക്കാനായി ചില വെയർഹൗസ് മാനേജർമാർ അരി വിതരണം ചെയ്യുന്നത് മനഃപൂർവം വൈകിപ്പിച്ചതായി ഉദ്യോഗസ്ഥർ പറയുന്നു. ഗോഡൗണുകൾ കടന്നുപോകുമ്പോൾ പോലും അരിയിൽ നിന്നുള്ള ദുർഗന്ധം പുറത്തേക്ക് വരുന്നതായി ആളുകൾപറയുന്നു.

Similar Posts