< Back
India
Ripper Chandrans accomplice arrested in theft case
India

മോഷണക്കേസിൽ റിപ്പർ ചന്ദ്രന്റെ കൂട്ടാളി അറസ്റ്റിൽ

Web Desk
|
13 Nov 2025 9:38 PM IST

വീടിന്റെ വാതിലിന്റെ പൂട്ട് തകർത്ത് ഏകദേശം 9.50 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് ഇയാൾ കവർന്നത്.

മംഗളൂരു: സ്വർണാഭരണ മോഷണക്കേസിൽ റിപ്പർ ചന്ദ്രന്റെ കൂട്ടാളിയായ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കർണാടക ബെൽത്തങ്ങാടി താലൂക്കിലെ കുറ്റ്‌ലൂർ ഗ്രാമത്തിൽ നടന്ന മോഷണക്കേസിലാണ് ഇട്ടെ ബാർപെ അബൂബക്കർ എന്ന 71കാരനെ വേണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ജുശ്രീ നഗറിലെ അവിനാഷ് എന്നയാളുടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. പ്രധാന വാതിലിന്റെ പൂട്ട് തകർത്ത് ഏകദേശം 9.50 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങളാണ് കവർന്നത്.

കഴിഞ്ഞ മാസം രണ്ടിന് അവിനാഷ് വീട് പൂട്ടി പോയിരുന്നു. ആറിന് വൈകിട്ട് അഞ്ചോടെ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മോഷ്ടിച്ച വസ്തുക്കളിൽ താലി മാല, മുത്ത് മാല, 149 ഗ്രാം സ്വർണമാലകൾ എന്നിവ ഉൾപ്പെടുന്നു. പ്രതിയെ ബെൽത്തങ്ങാടി കോടതിയിൽ ഹാജരാക്കി. പൊലീസിന്റെ അഭ്യർഥന പ്രകാരം ഈ മാസം 15 വരെ കസ്റ്റഡിയിൽ വിട്ടു. മോഷ്ടിച്ച സ്വർണാഭരണങ്ങൾ വിറ്റതായി പ്രതി പൊലീസിനോട് പറഞ്ഞു. ബെൽത്തങ്ങാടി ഇൻസ്‌പെക്ടർ സുബ്ബപൂർമത്തിന്റെയും വേണൂർ പൊലീസ് സംഘത്തിന്റെയും നേതൃത്വത്തിലായിരുന്നു ഓപ്പറേഷൻ.

ചിക്കമംഗളൂരു സ്വദേശിയായ ഇട്ടെ ബാർപെ അബൂബക്കർ സൂറത്ത്കൽ കാനയ്ക്കടുത്താണ് താമസം. കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ദക്ഷിണ കന്നട, ഉഡുപ്പി, ചിക്കമംഗളൂരു ജില്ലകളിലെയും കേരളത്തിലെയും വിവിധ പൊലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത 50ലധികം മോഷണക്കേസുകളിൽ ഉൾപ്പെട്ടതിന് നിരവധി തവണ അറസ്റ്റിലാവുകയും ജയിലിലടയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഈ വർഷം ജൂൺ 27ന് ഷിർവ പൊലീസ് പരിധിയിലെ മട്ടാരു ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ അതിക്രമിച്ചുകയറി 7.50 ലക്ഷം രൂപ വിലമതിക്കുന്ന 66.76 ഗ്രാം സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. അറസ്റ്റിലായ ഇയാൾ അടുത്തിടെയാണ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്. 'ഇട്ടെ ബാർപെ അബൂബക്കർ' എന്നാണ് ഇയാൾ അറിയപ്പെടുന്നത്. 1980കളിൽ ചിക്കമംഗളൂരുവിൽ ഓട്ടോറിക്ഷാ ഡ്രൈവറായി ജോലി ചെയ്യുന്നതിനിടയിൽ തന്റെ ഓട്ടോറിക്ഷയുടെ പിന്നിൽ 'ഇട്ടെ ബാർപെ' എന്ന പ്രശസ്തമായ യക്ഷഗാന നാടക നാമം എഴുതിയിരുന്നു. അതിനുശേഷമാണ് ആ പേരിൽ അറിയാൻ തുടങ്ങിയത്.

1991ൽ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയ കാസർകോട് കരിന്തളം സ്വദേശി റിപ്പർ മുതുകുറ്റി ചന്ദ്രന്റെ കർണാടകയിലെ സംഘത്തിൽ ഇട്ടെ ബാർപെയും ഉൾപ്പെട്ടിരുന്നു. 1980കളിൽ കണ്ണൂർ, കാസർകോട്, ദക്ഷിണ കന്നട ജില്ലകളിൽ 14 കൊലപാതകങ്ങളും കവർച്ചയും നടത്തിയ റിപ്പർ ചന്ദ്രനെ (41) ചിക്കമംഗളൂരു വനത്തിൽ നിന്ന് കർണാടക പൊലീസ് കമ്മീഷണറായിരുന്ന കാസർകോട് ചെമ്മനാട് സ്വദേശി ഇഖ്ബാലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

Similar Posts