< Back
India
നവവധുക്കളുടെ വർധിച്ചുവരുന്ന ആത്മഹത്യാ നിരക്ക്; നിയമപരിഷ്‌കരണം ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി
India

നവവധുക്കളുടെ വർധിച്ചുവരുന്ന ആത്മഹത്യാ നിരക്ക്; നിയമപരിഷ്‌കരണം ആവശ്യപ്പെട്ട് ഹാരിസ് ബീരാൻ എംപി

Web Desk
|
17 Dec 2025 8:59 PM IST

വിവാഹത്തിനു മുമ്പ് വധു വരന്മാർക്ക് പ്രീമാരിറ്റൽ കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും പ്രസ്തുത കൗൺസിലിംഗ് സർട്ടിഫിക്കറ്റ് വിവാഹ രജിസ്‌ട്രേഷന്റെ ഭാഗമാക്കണമെന്നും എംപി

ന്യൂഡൽഹി: രാജ്യത്ത് നവവധുക്കൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യാ നിരക്ക് അതീവ ഗൗരവകരമാണെന്നും ഇത് തടയുന്നതിന് നിയമപരിഷ്‌കരണവും അടിയന്തര ഇടപെടലും വേണമെന്നും സ്‌പെഷ്യൽ മാര്യേജ് ആക്ടിൽ ഭേദഗതി വരുത്തണമെന്നും അഡ്വ.ഹാരിസ് ബീരാൻ എംപി. രാജ്യസഭയിലെ ശൂന്യവേളയിലാണ് എംപിയുടെ ആവശ്യം. വിവാഹത്തിനു മുമ്പ് വധു വരന്മാർക്ക് പ്രീമാരിറ്റൽ കൗൺസിലിംഗ് നിർബന്ധമാക്കണമെന്നും പ്രസ്തുത കൗൺസിലിംഗ് സർട്ടിഫിക്കറ്റ് വിവാഹ രജിസ്‌ട്രേഷന്റെ ഭാഗമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2023ലെ നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ കണക്കുകൾ പ്രകാരം രാജ്യത്ത് റിപ്പോർട്ട് ചെയ്ത 1,71,418 ആത്മഹത്യകളിൽ വലിയൊരു ഭാഗം വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യൻ പാരമ്പര്യത്തിൽ വിവാഹം ഒരു പവിത്രമായ നാഴികക്കല്ലായിട്ടാണ് കാണുന്നതെങ്കിലും വിവാഹാനന്തര ജീവിതത്തിലെ വെല്ലുവിളികൾ അഡ്രസ്സ് ചെയ്യപ്പെടേണ്ടതുണ്ടെന്നും പല സ്ത്രീകൾക്കും അത് നിശബ്ദമായ സഹനത്തിന്റെയും ഒറ്റപ്പെടലിന്റെയും കാലഘട്ടമായി മാറുന്നുവെന്നും എംപി പറഞ്ഞു.

പതിറ്റാണ്ടുകളായുള്ള നിയമപോരാട്ടങ്ങൾക്കിടയിലും നവവധുക്കളുടെ അസ്വാഭാവിക മരണങ്ങൾക്ക് പ്രധാന കാരണം സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനങ്ങളാണ്. മറ്റൊന്ന് നിയമ സംവിധാനങ്ങളുടെ പരാജയവും അതോടൊപ്പം സ്ത്രീകൾക്കുണ്ടാകുന്ന ശാരീരികവും വൈകാരികവുമായ മാറ്റങ്ങളെക്കുറിച്ച് കുടുംബാംഗങ്ങൾക്കിടയിൽ അവബോധമില്ലാത്തതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമം ഭേദഗതിയോടൊപ്പം നടപ്പിലാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. അതോടൊപ്പം സ്ത്രീകൾക്ക് സാമൂഹിക പിന്തുണ നൽകേണ്ടതുണ്ട് എന്നും ഹാരിസ് ബീരാൻ എംപി രാജ്യസഭയിൽ അഭിപ്രായപ്പെട്ടു.

Similar Posts