
ഗുജറാത്ത് മന്ത്രിസഭയിൽ രവീന്ദ്ര ജഡേജയുടെ ഭാര്യയും; വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് റിവാബ ജഡേജ
|2022 മുതൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് റിവാബ
ഗുജറാത്ത്: ഗുജറാത്തിൽ മന്ത്രിസഭാ പുനഃസംഘടനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ. 2022 മുതൽ ജാംനഗർ നോർത്ത് മണ്ഡലത്തിൽ നിന്നുള്ള ബിജെപി എംഎൽഎയാണ് റിവാബ. മന്ത്രിസഭ പുനഃസംഘടനയുടെ ഭാഗമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ ഒഴികെ 16 ബിജെപി മന്ത്രിമാർ രാജിവെച്ചിരുന്നു. നേരത്തെ ഉണ്ടായിരുന്ന മന്ത്രിമാരിൽ ആറുപേർ മാത്രമാണ് പുതിയ മന്ത്രിസഭയിൽ ഉള്ളത്. ഇതിൽ നാല് പേർ പഴയ വകുപ്പുകൾ നിലനിർത്തി. വരാനിരിക്കുന്ന തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പ് കണക്കിലെടുത്താണ് ഈ നീക്കം.
ഗുജറാത്തിലെ മുൻ ആഭ്യന്തര സഹമന്ത്രിയും സൂറത്തിൽ നിന്നുള്ള പ്രമുഖ നേതാവുമായ ഹർഷ് സാങ്‌വി ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സംസ്ഥാന ചരിത്രത്തിൽ ഈ സ്ഥാനം വഹിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 40കാരനായ ഹർഷ് സാങ്‌വി. അദ്ദേഹം ആഭ്യന്തര മന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. നാല് വർഷത്തിനിടെ ഇതാദ്യമാണ് സംസ്ഥാനത്ത് ഒരു ഉപമുഖ്യമന്ത്രിയെ നിയമിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം മുഖ്യമന്ത്രി ഗവർണർ ആചാര്യ ദേവവ്രതിനെ കണ്ട് പുതിയ മന്ത്രിസഭയിലേക്കുള്ള പേരുകളുടെ പട്ടിക കൈമാറി. പാട്ടിദാർ സമുദായത്തിൽ നിന്നുള്ള ഏഴ് പേർ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള എട്ട് പേർ, പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള മൂന്ന് പേർ, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള നാല് പേർ എന്നിങ്ങനെയാണ് മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. മന്ത്രിസഭയിലെ വനിതാ പ്രാതിനിധ്യത്തിൽ വർധനവുണ്ടായിട്ടുണ്ട്. മുൻ മന്ത്രിസഭയിൽ ഒരാൾ മാത്രമുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ മൂന്ന് പേരുണ്ട്. ബിജെപി ദേശീയ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ ജെ.പി നദ്ദ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.