< Back
India
ഏറ്റവും വലിയ ഒറ്റകക്ഷി ആർജെഡി; കടുത്ത മത്സരം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ
India

ഏറ്റവും വലിയ ഒറ്റകക്ഷി ആർജെഡി; കടുത്ത മത്സരം പ്രവചിച്ച് ആക്‌സിസ് മൈ ഇന്ത്യ

Web Desk
|
12 Nov 2025 7:41 PM IST

എൻഡിഎയ്ക്ക് 121 മുതൽ 141 വരെയും മഹാസഖ്യത്തിന് 98 മുതൽ 118 വരെയും സീറ്റ് ലഭിച്ചേക്കുമെന്നാണ് പ്രവചനം

പറ്റ്ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വ്യത്യസ്തമായ പ്രവചനവുമായി ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലം. എന്‍ഡിഎക്ക് നേരിയ മുൻതൂക്കമുണ്ടാകുമെന്നാണ് ആക്സിസ് മൈ ഇന്ത്യയുടെ സർവേഫലം.

എൻഡിഎയ്ക്ക് 121 മുതൽ 141 വരെയും മഹാസഖ്യത്തിന് 98 മുതൽ 118 വരെയും സീറ്റ് ലഭിച്ചേക്കുമെന്നാണ് പ്രവചനം. ഏറ്റവും വലിയ ഒറ്റക്കക്ഷി ആർജെഡി ആകുമെന്നും സർവേ പറയുന്നു. 243 അംഗ ബിഹാര്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ടത് 122 സീറ്റുകളാണ്.

വിവിധ വിഭാഗങ്ങളിലായി നടത്തിയ സർവേയുടെ വിവരങ്ങൾ പുറത്ത് വിടുമ്പോൾ 43% വോട്ടർമാരുടെ പിന്തുണ എൻഡിഎക്കാണ്. തൊട്ടുപിന്നിൽ 41 ശതമാനത്തിന്‍റെ പിന്തുണയാണ് മഹാസഖ്യത്തിന് പ്രവചിക്കുന്നത്. വോട്ടർമാരിൽ പുരുഷന്മാരുടെ പിന്തുണ കൂടുതൽ മഹാസഖ്യത്തിന് പ്രവചിക്കുമ്പോൾ സ്ത്രീകൾ എൻഡിഎക്കൊപ്പമാണ്. ജാതി തിരിച്ചുള്ള കണക്കിൽ എൻഡിഎയാണ് മുന്നിൽ.

അതേസമയം ബിഹാറിലെ ഉയർന്ന പോളിങ് ശതമാനത്തിൽ പ്രതീക്ഷവെച്ചാണ് മുന്നണികളുടെ നീക്കങ്ങള്‍. 20 വർഷത്തിനിടെ ഉയർന്ന പോളിങാണ് രണ്ട് ഘട്ടങ്ങളിലും രേഖപ്പെടുത്തിയത്. എന്നാൽ എൻഡിഎക്ക് ഭരണത്തുടർച്ച പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ തള്ളുകയാണ് മഹാസഖ്യം.

2005ന് ശേഷമുള്ള ഏറ്റവും കൂടിയ പോളിങ് ശതമാനം ഇരു മുന്നണികൾക്കും ആത്മവിശ്വാസം പകരുന്നുണ്ട്. ആറാം തീയതി നടന്ന ആദ്യഘട്ടത്തിൽ 121 മണ്ഡലങ്ങളാണ് വിധിയെഴുതിയത്. 65.08 ശതമാനമായിരുന്നു പോളിങ്. ഇന്നലെ കഴിഞ്ഞ അവസാന ഘട്ടത്തിൽ 69 ശതമാനം എന്ന റെക്കോർഡ് പോളിങ് ആണ് രേഖപ്പെടുത്തിയത്.

ഇന്നലെ പുറത്തുവന്ന ഒമ്പത് എക്സിറ്റ് പോളുകളിൽ ഏഴെണ്ണവും എൻഡിഎയ്ക്കാണ് മുൻതൂക്കം പ്രവചിക്കുന്നത്. പീപ്പിൾസ് പൾസിന്റെ സർവേ പ്രകാരം 133- 159 സീറ്റുകൾ വരെ എൻഡിഎ നേടുമെന്നും മഹാസഖ്യം 75-101 സീറ്റുകൾ വരെ പിടിക്കുമെന്നുമാണ് പ്രവചനം. എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇൻഡ്യ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും മാട്രിസ് സർവേ പ്രവചിക്കുന്നു.

Similar Posts