
തോൽവിക്ക് പിന്നാലെ ആർജെഡിയിൽ പൊട്ടിത്തെറി; ലാലു പ്രസാദ് യാദവിൻ്റെ മകൾ രോഹിണി ആചാര്യ പാർട്ടി വിട്ടു
|കുടുംബവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുന്നതായും രോഹിണിയുടെ എക്സ് പോസ്റ്റ്
പറ്റ്‌ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് പിന്നാലെ ആർജെഡിയിൽ കലാപം. 25 സീറ്റുകൾ മാത്രം നേടി കനത്ത തിരിച്ചടി നേരിട്ടതിന് തൊട്ടുപിന്നാലെ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ പാർട്ടി വിട്ടു. കുടുംബവുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായും രോഹിണിയുടെ എക്സ് പോസ്റ്റ്.
എല്ലാ കുറ്റവും താൻ ഏറ്റെടുക്കുന്നുവെന്നും സഞ്ജയ് യാദവും റമീസും എന്നോട് ആവശ്യപ്പെട്ടത് ഇതാണെന്നും പോസ്റ്റിൽ പറയുന്നു. തേജസ്വി യാദവിന്റെ വിശ്വസ്തനാണ് സഞ്ജയ് യാദവ്. ഉത്തർപ്രദേശിലെ ഒരു രാഷ്ട്രീയ കുടുംബത്തിൽ നിന്നുള്ള റമീസ് ആലം തേജസ്വിയുടെ പഴയ സുഹൃത്താണെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ വർഷം, ലോക്സഭാ തെരഞ്ഞെടുപ്പിൽ സരൺ മണ്ഡലത്തിൽ നിന്നും ആർജെഡി ടിക്കറ്റിൽ രോഹിണി മത്സരിച്ചിരുന്നു, പക്ഷെ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് പരാജയപ്പെട്ടു. തന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവിനെ സോഷ്യൽ മീഡിയ പോസ്റ്റിൻ്റെ പേരിൽ ആർജെഡിയിൽ നിന്നും കുടുംബത്തിൽ നിന്നും ലാലു പ്രസാദ് ആറ് വർഷത്തേക്ക് പുറത്താക്കിയിരുന്നു. പുറത്താക്കപ്പെട്ടതിനുശേഷം, മുൻ മന്ത്രി 'ടീം തേജ് പ്രതാപ് യാദവ്' എന്ന ബാനറിൽ ഒരു പുതിയ രാഷ്ട്രീയ വേദി ആരംഭിച്ചു. തുടർന്ന് അദ്ദേഹം ജനശക്തി ജനതാദൾ രൂപീകരിച്ചു. സ്വതന്ത്രമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും രഘോപൂരിൽ തേജസ്വി യാദവിനെതിരെ സ്ഥാനാർത്ഥിയെ നിർത്തുകയും ചെയ്തു. എന്നാൽ പാർട്ടിക്ക് സംസ്ഥാനത്തുടനീളം വലിയ പരാജയമാണ് നേരിട്ടത്.