< Back
India
84,330 കോടിയുടെ ആസ്തി; ആരാണ് റോഷ്‌നി നാടാർ മൽഹോത്ര?
India

84,330 കോടിയുടെ ആസ്തി; ആരാണ് റോഷ്‌നി നാടാർ മൽഹോത്ര?

Web Desk
|
28 July 2022 2:36 PM IST

ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷായെ പിന്തള്ളി 57,520 കോടി രൂപയുടെ ആസ്തിയുള്ള ബ്യൂട്ടി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൈക്കയുടെ സി.ഇ.ഒയും, സ്ഥാപകയുമായ ഫാൽഗുനി നായർ ഏറ്റവും ധനികയായ സ്വയം സംരംഭകയെന്ന സ്ഥാനം സ്വന്തമാക്കി.

മുംബൈ: ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയെന്ന ബഹുമതി തുടർച്ചയായ രണ്ടാം വർഷവും എച്ച്‌സിഎൽ ടെക്‌നോളജീസ് ചെയർപേഴ്‌സൺ റോഷ്‌നി നാടാർ മൽഹോത്രക്ക്. ബുധനാഴ്ച പ്രസിദ്ധീകരിച്ച കൊട്ടക്ക് പ്രൈവറ്റ് ബാങ്കിങ്-ഹുറുൺ ലിസ്റ്റിലാണ് റോഷ്‌നി നേട്ടം ആവർത്തിച്ചു. 84,330 കോടി രൂപയാണ് റോഷ്‌നിയുടെ ആസ്തി. കഴിഞ്ഞ വർഷം മാത്രം ഇവരുടെ ആസ്തിയിൽ 54 ശതമാനത്തിന്റെ വളർച്ചയാണ് ഉണ്ടായത്.

ബയോകോൺ ചെയർപേഴ്‌സൺ കിരൺ മജുംദാർ ഷായെ പിന്തള്ളി 57,520 കോടി രൂപയുടെ ആസ്തിയുള്ള ബ്യൂട്ടി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ നൈക്കയുടെ സി.ഇ.ഒയും, സ്ഥാപകയുമായ ഫാൽഗുനി നായർ ഏറ്റവും ധനികയായ സ്വയം സംരംഭകയെന്ന സ്ഥാനം സ്വന്തമാക്കി. നൈക്കയുടെ ഐ.പി.ഒ വിപണിയിലെത്തിയ 2021ൽ ഫാൽഗുനിയുടെ സമ്പത്ത് 963 ശതമാനം കുതിച്ചുയർന്നു. ബയോകോണിന്റെ കിരൺ മജുംദാർ ഷായുടെ സമ്പത്തിൽ 21 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതോടെ 29,030 കോടി രൂപ ആസ്തിയുള്ള ഇവർ പട്ടികയിൽ ഒരു റാങ്ക് നഷ്ടമായി മൂന്നാമതെത്തി.

എച്ച്.സി.എൽ ടെക്‌നോളജീസ് സ്ഥാപകൻ ശിവ് നാടാറിന്റെയും കിരൺ നാടാറുടെയും മകളായി 1982ൽ ന്യൂഡൽഹിയിൽ ജനിച്ച റോഷ്‌നി ഡൽഹിയിലെ വസന്ത് വാലി സ്‌കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം നേടിയത്. അമേരിക്കയിലെ ഇല്ലിനോയി നോർത്ത് വെസ്റ്റേൺ സർവകലാശാലയിൽനിന്ന് ബിരുദം നേടി. കെല്ലോഗ് സ്‌കൂൾ ഓഫ് മാനേജ്മെന്റിൽ നിന്ന് ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.

സ്‌കൈ ന്യൂസ് യു.കെ, സി.എൻ.എൻ അമേരിക്ക തുടങ്ങിയ രാജ്യാന്തര ടി.വി ചാനലുകളിൽ ന്യൂസ് പ്രൊഡ്യൂസറായി ജോലി നോക്കിയ ശേഷമാണ് എച്ച്.സി.എല്ലിലേക്ക് റോഷ്‌നി എത്തിയത്. 2009 ലാണ് എച്ച്.സി.എൽ കോർപ്പറേഷന്റെ ബോർഡംഗമായ റോഷ്‌നി ഒരു വർഷത്തിനുള്ളിൽ കമ്പനിയുടെ എക്്‌സിക്യൂട്ടീവ് ഡയറക്ടറായി. 2013 ൽ സി.ഇ.ഒ സ്ഥാനവും റോഷ്‌നിയെ തേടിയെത്തി. 2010ൽ എച്ച്.സി.എൽ ഹെൽത്ത്‌കെയർ വൈസ് ചെയർമാൻ ശിഖർ മൽഹോത്രയെ വിവാഹം ചെയ്തു. അർമാൻ, ജഹാൻ എന്നീ രണ്ടു മക്കളാണ് ഇവർക്കുള്ളത്.

10 വർഷം മുമ്പ് ബാങ്കിംഗ് ജീവിതം ഉപേക്ഷിച്ച് സൗന്ദര്യവസ്തു നിർമാണ ബ്രാൻഡ് ആരംഭിച്ച ഫാൽഗുനി നായർ, 57,520 കോടി രൂപ ആസ്തിയുള്ള ഏറ്റവും ധനികയായ സ്വയം സംരംഭക വനിതയായി ഉയർന്നു. 59 വയസുകാരിയായ ഫാൽഗുനിയുടെ സമ്പത്തിൽ 963 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്

100 സ്ത്രീകളുടെ പട്ടികയാണ് കൊട്ടക് പ്രൈവറ്റ് ബാങ്കിംഗ്-ഹുറുൺ ലിസ്റ്റ് പുറത്തു വിട്ടിരിക്കുന്നത്. ഇന്ത്യയിൽ ജനിച്ചവരോ വളർന്നവരോ ആയ വനിതകളാണിവർ. സ്വയം സംരംഭങ്ങൾ നടത്തുകയോ, ബിസിനസുകൾ സജീവമായി കൈകാര്യം ചെയ്യുന്നവരോ ആയ ഇന്ത്യൻ സ്ത്രീകളെമാത്രമാണ് ലിസ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പട്ടികയിൽ ഏറ്റവുമധികം പേർ എത്തിയിരിക്കുന്നത് ദേശീയ തലസ്ഥാന മേഖലയായ ഡൽഹിയിൽനിന്നാണ്, 25 പേർ. മുംബൈയിൽനിന്ന് 21 പേരും, ഹൈദരാബാദിൽനിന്ന് 12 പേരും ലിസ്റ്റുകളിൽ ഉൾപ്പെട്ടു. 12 എൻട്രികളുമായി ഫാർമസ്യൂട്ടിക്കൽസ് രംഗമാണ് മുന്നിലെത്തിയത്. 11 പേർ ഹെൽത്ത് കെയർ രംഗത്തും ഒമ്പതുപേർ കൺസ്യൂമർ ഗുഡ്സ് വിപണന രംഗത്തും സമ്പത്തുകൊണ്ട് ശ്രദ്ധേയരായി.

Similar Posts