< Back
India
RPF,children
India

ഏഴ് വർഷത്തിനിടയിൽ ആർ.പി.എഫ് രക്ഷിച്ചത് 84,119 കുട്ടികളെയെന്ന് കണക്കുകൾ

Web Desk
|
18 July 2024 10:09 PM IST

ഓരോ വർഷവും പതിനായിരത്തിലേറെ കുട്ടികളെയാണ് ആർ.പി.എഫ് വിവിധ റെയിൽവെ സ്റ്റേഷനുകളിൽ നിന്ന് രക്ഷിച്ചത്

ന്യൂഡൽഹി: കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്) ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് 84,119 കുട്ടികളെയെന്ന് കണക്കുകൾ. 2018 മുതൽ 2024 മെയ് വരെ ട്രെയിനിലും റെയിൽവെ സ്റ്റേഷനിലും വിവിധ നിലയിൽ കണ്ടെത്തി രക്ഷപ്പെടുത്തിയ കുട്ടികളുടെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലെ സ്റ്റേഷനുകളിൽ നിന്നാണ് ഇത്രയുമധികം കുട്ടികളെ രക്ഷപ്പെടുത്തിയത്. 2018- ലാണ് കുട്ടികളെ രക്ഷപ്പെടുത്താനായി ‘നൻഹെ ഫാരിസ്റ്റെ’ എന്ന ഓപ്പറേഷന് ആർ.പി.എഫ് തുടക്കം കുറിക്കുന്നത്. ആ വർഷം ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടെ 17,112​ പേരെയാണ് ആർ.പി.എഫ് രക്ഷപ്പെടുത്തിയത്. അതിൽ 1091 കുട്ടികൾ ഉപേക്ഷിക്കപ്പെട്ടവരാണ്. 400 പേർ നിരാലംബരാണ്. 87 പേർ തട്ടിക്കൊണ്ടുപോകലിന് ഇരയായവരെന്നും കണക്കുകൾ പറയുന്നു. ഇത്രയും കുട്ടികളെ രക്ഷിക്കാനായതോടെയാണ് ആർ.പി.എഫ് പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്.

2019 ൽ 15,932 കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. കോവിഡിന്റെ പശ്ചാത്തലത്തിലും 5,011 കുട്ടികളെ യാണ് ആർ.പി.എഫ് രക്ഷപ്പെടുത്തിയത്. 2021- ൽ 11,907 കുട്ടികളെയാണ് ആർ.പി.എഫ് രക്ഷിച്ചത്. 2022- ലിത് 17,756 കുട്ടികളായി വർദ്ധിച്ചു. 2023 ൽ 11,794 ലും 2024 ൽ അഞ്ച് മാസത്തിനുള്ളിൽ 4,607 കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്.

ഒളിച്ചോടിയും അല്ലാതെയും കാണാതാകുന്ന കുട്ടികളുടെ ദുരവസ്ഥയെക്കുറിച്ച് ബോധവത്കരിക്കുന്നുമുണ്ട് ആർ.പി.എഫ്. 135-ലധികം റെയിൽവേ സ്റ്റേഷനുകളിൽ ചൈൽഡ് ഹെൽപ്പ് ഡെസ്‌ക്കുകളും ആർ.പി.പഫ് സ്ഥാപിച്ചിട്ടുണ്ട് . രക്ഷപ്പെടുത്തുന്ന കുട്ടിയെ ജില്ലാ ശിശുക്ഷേമ സമിതിക്ക് കൈമാറും. അവരാണ് കുട്ടിയെ മാതാപിതാക്കൾക്ക് കൈമാറുന്നത്.

Related Tags :
Similar Posts