< Back
India
18 പവന്‍ സ്വര്‍ണം, ഒരു കിലോ വെള്ളി, ലക്ഷം രൂപയും പട്ടുസാരിയും; ജനപ്രതിനിധികള്‍ക്ക്‌ കർണാടക ബിജെപി മന്ത്രിയുടെ ദീപാവലി സമ്മാനം വിവാദത്തിൽ
India

18 പവന്‍ സ്വര്‍ണം, ഒരു കിലോ വെള്ളി, ലക്ഷം രൂപയും പട്ടുസാരിയും; ജനപ്രതിനിധികള്‍ക്ക്‌ കർണാടക ബിജെപി മന്ത്രിയുടെ ദീപാവലി സമ്മാനം വിവാദത്തിൽ

Web Desk
|
24 Oct 2022 7:42 PM IST

കൊത്തുപണികളോടു കൂടിയ ബോക്സിലാക്കി രണ്ട് സെറ്റ് സമ്മാനപ്പൊതികളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്.


ബെം​ഗളുരു: കർണാടക ബിജെപി മന്ത്രി തദ്ദേശഭരണ സ്ഥാപന അം​ഗങ്ങൾക്ക് നൽ‍കിയ ദീപാവലി സമ്മാനം വിവാദത്തിൽ‍. കര്‍ണാടക ടൂറിസം മന്ത്രി ആനന്ദ് സിങ്ങാണ് വിവാദത്തിലായിരിക്കുന്നത്. ഒരു ലക്ഷം രൂപ, 18 പവന്‍ സ്വര്‍ണം, ഒരു കിലോ വെള്ളി, പട്ടുസാരി, മുണ്ട്, ഡ്രൈ ഫ്രൂട്ട്സ് എന്നിവയടങ്ങിയ സമ്മാനപൊതികളാണ് മന്ത്രി നല്‍കിയത്.

മന്ത്രിയുടെ തന്നെ നിയോജകമണ്ഡലമായ വിജയന​ഗരയിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കുമാണ് സമ്മാനം. ആനന്ദ് സിങ്ങിന്‍റെ വീട്ടില്‍ നടക്കുന്ന ലക്ഷ്മി പൂജയിലേക്കുള്ള ക്ഷണക്കത്തിനൊപ്പമായിരുന്നു വിലകൂടിയ സമ്മാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. കൊത്തുപണികളോടു കൂടിയ ബോക്സിലാക്കി രണ്ട് സെറ്റ് സമ്മാനപ്പൊതികളാണ് ഇത്തരത്തില്‍ വിതരണം ചെയ്തത്.

പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള സമ്മാനപ്പൊതികളില്‍ സ്വര്‍ണം ഇല്ലായിരുന്നെങ്കിലും പണമുണ്ടായിരുന്നു. എന്നാൽ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ അംഗങ്ങളെ അപേക്ഷിച്ച് ഇവര്‍ക്ക് നല്‍കിയ പണം കുറവാണ്. മറ്റു വസ്തുക്കളെല്ലാം ഇരു കൂട്ടര്‍ക്കും ഒരു പോലെയാണ് നല്‍കിയത്.

വിജയന​ഗര (ഹോസ്പേട്ട്) നിയോജക മണ്ഡലത്തില്‍ 35 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അഞ്ച് നോമിനേറ്റഡ് അംഗങ്ങളുമാണ് ഉള്ളത്. പത്ത് ഗ്രാമപഞ്ചായത്തുകളിലായി 182 അംഗങ്ങളാണുള്ളത്. ഇവരില്‍ ചിലര്‍ ആനന്ദ് സിങ്ങിന്‍റെ സമ്മാനങ്ങള്‍ നിരസിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ആനന്ദ് സിങ്ങിന്റെ നീക്കമെന്നും ഇതിൽ വീഴില്ലെന്നുമാണ് ഇവരുടെ പ്രതികരണം.

അതേസമയം, വിവാദത്തോട് ആനന്ദ് സിങ് ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്നാല്‍ ഇയാളുടെ നീക്കത്തെ ന്യായീകരിച്ച് അണികൾ രം​ഗത്തെത്തി. എല്ലാ വര്‍ഷവും ദീപാവലി സമയത്ത് ആനന്ദ് സിങ് ഇത്തരത്തില്‍ സമ്മാനങ്ങള്‍ നല്‍കാറുള്ളതാണെന്നാണ് അണികളുടെ വാദം. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യമായതുകൊണ്ട് മാത്രമാണ് ഇത്തവണ സമ്മാനംകൊടുപ്പ് വിവാദമായതെന്നും ഇവർ പറയുന്നു.

Similar Posts