< Back
India
ഒരു പാട്ടിന് 15 കോടി രൂപ?; ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം ഗായകൻ ആര്?
India

ഒരു പാട്ടിന് 15 കോടി രൂപ?; ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം ഗായകൻ ആര്?

Web Desk
|
14 July 2025 4:15 PM IST

കോടിക്കണക്കിന് ആരാധകരെയാണ് ഈ ചെറിയ പ്രായത്തിനുള്ളിൽ താരം സമ്പാദിച്ചിരിക്കുന്നത്

ഗായകൻ, സംഗീത സംവിധായകൻ എന്നീ നിലകളിൽ പ്രശസ്‌തനാണ് അനിരുദ്ധ് രവിചന്ദർ. 'വൈ ദിസ് കൊലവെരി ഡി' എന്ന ഗാനത്തിലൂടെ പ്രശസ്തനായ അനിരുദ്ധ് ഇപ്പോൾ ഇന്ത്യൻ സിനിമയിലെ മുൻനിര സംഗീതസംവിധായകരിൽ ഒരാളാണ്. കോടിക്കണക്കിന് ആരാധകരെയാണ് ഈ ചെറിയ പ്രായത്തിനുള്ളിൽ അനിരുദ്ധ് സമ്പാദിച്ചിരിക്കുന്നത്. ഇപ്പോഴിതാ അനിരുദ്ധ് തെലുങ്ക് സിനിമയ്‌ക്ക് പ്രതിഫലം വർദ്ധിപ്പിച്ചു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്ത് നാനി നായകനാകുന്ന 'ദി പാരഡൈസ്' എന്ന തെലുങ്ക് ചിത്രത്തിന് അനിരുദ്ധ് 12 കോടി രൂപ പ്രതിഫലം വാങ്ങിയെന്നാണ് തെലുങ്ക് സിനിമാലോകം പറയുന്നത്. അടുത്ത തെലുങ്ക് ചിത്രങ്ങൾക്ക് 15 കോടി രൂപ പ്രതിഫലം വാങ്ങുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.

ഇതോടെ നിലവിൽ ഇന്ത്യൻ സിനിമയിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകരുടെ പട്ടികയിൽ അനിരുദ്ധും ഇടംനേടും. എന്നാൽ ഈ പ്രതിഫല വർദ്ധനവിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സാധാരണയായി ഒരു സിനിമയ്ക്ക് ഏകദേശം 10 കോടി രൂപ വാങ്ങുന്ന ഓസ്കാർ ജേതാവ് എ.ആർ റഹ്മാനെയാണ് അനിരുദ്ധ് ഇപ്പോൾ മറികടന്നിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ദളപതി വിജയ്‌യുടെ അവസാന ചിത്രം എന്ന് വിശേഷിപ്പിക്കുന്ന 'ജന നായക'നിലും അനിരുദ്ധ് ആണ് സംഗീത സംവിധാനം. 'ദി പാരഡൈസ്', 'കൂലി' എന്നിവയ്ക്ക് പുറമേ, വിജയ് ദേവരകൊണ്ട നായകനാകുന്ന 'കിംഗ്ഡം' എന്ന ചിത്രത്തിലും അനിരുദ്ധാണ് പാട്ടൊരുക്കുന്നത്. ശിവകാർത്തികേയന്റെ 'മദരാസി', രജനീകാന്ത് നായകനാകുന്ന 'ജയിലർ 2' എന്നിവയ്ക്കും അനിരുദ്ധാണ് സംഗീതം നൽകുന്നത്.

Similar Posts