< Back
India
22,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്: എബിജി ഷിപ്യാര്‍ഡ് മേധാവികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്
India

22,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ്: എബിജി ഷിപ്യാര്‍ഡ് മേധാവികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Web Desk
|
15 Feb 2022 9:49 PM IST

ഗുജറാത്ത് ആസ്ഥാനമായുള്ള കപ്പൽ നിർമാണ കമ്പനിയാണ് എബിജി ഷിപ്യാര്‍ഡ്

എബിജി ഷിപ്യാര്‍ഡ് ലിമിറ്റഡിനെതിരായ 22,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസില്‍ പ്രതികൾക്കെതിരെ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. ഗുജറാത്ത് ആസ്ഥാനമായുള്ള കപ്പൽ നിർമാണ കമ്പനിയാണ് എബിജി ഷിപ്യാര്‍ഡ്. വിമാനത്താവളം വഴിയോ മറ്റ് അതിര്‍ത്തി വഴിയോ എബിജി കമ്പനി ഉടമകളെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും നിയമ നടപടികള്‍ നേരിടുന്നവരാണ് ഇവരെന്നുമാണ് നോട്ടീസില്‍ പറയുന്നത്.

എബിജി ഷിപ്യാര്‍ഡ് ലിമിറ്റഡ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഋഷി കമലേഷ് അഗർവാൾ, അന്നത്തെ എക്‌സിക്യൂട്ടീവ് ഡയറക്ടർ സന്താനം മുത്തസ്വാമി, ഡയറക്ടർമാരായ അശ്വിനി കുമാർ, സുശീൽ കുമാർ അഗർവാൾ, രവി വിമൽ, മറ്റൊരു കമ്പനിയായ എബിജി ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെ ഫെബ്രുവരി ഏഴിനാണ് കേസെടുത്തത്. വിവിധ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്ത ശേഷം തിരിച്ചടച്ചില്ല എന്നാണ് കേസ്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസ ലംഘനം, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.

എസ്ബിഐ അടക്കം 28 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് 2005-12 കാലത്ത് വായ്പ നല്‍കിയത്. 2013ൽ എബിജിയുടെ വായ്പ നിഷ്ക്രിയ ആസ്തിയായി മാറി. 2014ല്‍ വായ്പ അക്കൌണ്ട് പുനക്രമീകരിച്ചെങ്കിലും വായ്പ തിരിച്ചടക്കാന്‍ കമ്പനിക്കായില്ല. ഇതോടെ 2016ല്‍ അക്കൌണ്ട് നിഷ്ക്രിയ ആസ്തിയായി പ്രഖ്യാപിച്ചു. തുടര്‍ന്നുള്ള ഓഡിറ്റിലാണ് ക്രമക്കേട്, വായ്പ വകമാറ്റല്‍, വിശ്വാസ വഞ്ചന തുടങ്ങിയ കുറ്റങ്ങള്‍ വ്യക്തമായത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2019ലെ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതില്‍ ബാങ്കുകളുടെ ഭാഗത്തും കേസെടുക്കാൻ ഏജൻസിയുടെ ഭാഗത്തും കാലതാമസമുണ്ടായെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ എസ്ബിഐ ആരോപണം നിഷേധിച്ചു. പരാതി ലഭിച്ചിട്ടും എഫ്ഐആര്‍ ഇടാന്‍ ഒന്നര വര്‍ഷമെടുത്തത് എന്തുകൊണ്ടെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ചോദിച്ചു.


Related Tags :
Similar Posts