< Back
India
ബിജെപിയെ അവഗണിച്ച് കോൺഗ്രസിനെ ജയിപ്പിച്ച ആർഎസ്എസ്; 1984ലെ രഹസ്യയോഗത്തിന് പിന്നിലെ ചരിത്രം

രാജീവ് ഗാന്ധി | Photo: The Guardian

India

ബിജെപിയെ അവഗണിച്ച് കോൺഗ്രസിനെ ജയിപ്പിച്ച ആർഎസ്എസ്; 1984ലെ രഹസ്യയോഗത്തിന് പിന്നിലെ ചരിത്രം

Web Desk
|
26 Oct 2025 2:04 PM IST

ഇന്ദിര ഗാന്ധിയുടെ വധത്തിനു പിന്നാലെ നടന്ന 1984ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും അസാധാരണമായ ഒരു അധ്യായമാണ്

ന്യൂഡൽഹി: ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ 1984 ലോക്‌സഭാ തെരഞ്ഞെടുപ്പ് അസാധാരണമായ ഒരു അധ്യായമാണ്. ഇന്ദിര ഗാന്ധിയുടെ വധത്തിനു പിന്നാലെ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 414 സീറ്റുകൾ നേടി '400 പാര്' എന്ന റെക്കോർഡ് സൃഷ്ടിച്ചു. എന്നാൽ ഈ വിജയത്തിനു പിന്നിൽ രാഷ്ട്രീയ സഹാനുഭൂതി മാത്രമല്ല രഹസ്യമായ ഒരു രാഷ്ട്രീയ-സാംസ്കാരിക സഖ്യവും ഉണ്ടായിരുന്നു. ഭാരതീയ ജനതാ പാർട്ടി (ബിജെപി) 1980ൽ രൂപീകരിച്ചിരുന്നെങ്കിലും അതിന്റെ മാതൃസംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) ബിജെപിയെ അവഗണിച്ച് കോൺഗ്രസിനെ പിന്തുണച്ചു. 1984 ഒക്ടോബറിൽ കോൺഗ്രസും ആർഎസ്എസും തമ്മിൽ നടത്തിയ രഹസ്യയോഗങ്ങളാണ് ഇതിന് പിന്നിലെന്ന് മാധ്യമ പ്രവർത്തകൻ റഷീദ് കിദ്വായുടെ 'ബാലറ്റ്: ഇന്ത്യയുടെ ജനാധിപത്യത്തെ രൂപപ്പെടുത്തിയ പത്ത് എപ്പിസോഡുകൾ' എന്ന പുസ്തകത്തിൽ ഉൾപ്പെടെ പരാമർശിച്ചിട്ടുണ്ട്.

1984ലെരാഷ്ട്രീയ പശ്ചാത്തലം

1984 ഒക്ടോബർ 31ന് ഇന്ദിര ഗാന്ധിയുടെ വധം ഇന്ത്യയെ ഞെട്ടിച്ചു. തുടർന്ന് രണ്ട് മാസത്തിനകം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇന്ദിരാ ഗാന്ധിയയുടെ മകൻ കൂടിയായ രാജീവ് ഗാന്ധിയുടെ പേര് ഉയർന്നുവന്നതോടെ കോൺഗ്രസിന് ദേശവ്യാപകമായ സഹാനുഭൂതി ലഭിച്ചു. എന്നാൽ ഈ സഹാനുഭൂതി മാത്രമല്ല 49% വോട്ട് ഷെയറും 414 സീറ്റുകളും കോൺഗ്രസിന് നൽകിയത്. മറിച്ച് അതിന് പിന്നിൽ വേറെയും കരണങ്ങളുണ്ടായിരുന്നു. 1984ൽ ബിജെപി 7.74% വോട്ട് ഷെയർ മാത്രം നേടി വെറും 2 സീറ്റുകളിൽ ഒതുങ്ങിയതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്. തങ്ങളുടെ കാഡർമാരെ കോൺഗ്രസിനായി പ്രവർത്തിപ്പിക്കുക എന്ന ആർഎസ്എസിന്റെ തീരുമാനമായിരുന്നു ഇതിന്റെ പ്രധാന കാരണം.

രഹസ്യ യോഗങ്ങൾ

ഇന്ദിര ഗാന്ധിയുടെ വധത്തിനു പിന്നാലെ രാജീവ് ഗാന്ധി ആർഎസ്എസ് സർസംഘചാലക് ബാലാസാഹിബ് ദേവറസുമായി (മധുക്കർ ദത്താത്രേയ ദേഓറാസ്) രഹസ്യയോഗം നടത്തിയതായി പല രേഖകളും പറയുന്നു. അന്നത്തെ കോൺഗ്രസ് എംപിയും പിന്നീട് ബിജെപിയിൽ ചേർന്ന ബൻവരിലാൽ പുരോഹിത് ഈ യോഗത്തിന്റെ മധ്യസ്ഥനായിരുന്നു. ഈ യോഗത്തിനു പിന്നാലെ കുറഞ്ഞത് ആറ് രഹസ്യയോഗങ്ങളെങ്കിലും നടന്നു. ഇതിൽ ഒന്ന് ഡൽഹിയിലെ പൂസാ റോഡിലെ ലിക്വർ ബാരൺ കപിൽ മോഹന്റെ വീട്ടിലായിരുന്നു. രാജീവിന്റെ അടുത്ത ഉപദേശകൻ ആരൺ സിംഗ്, ഡൽഹി മേയർ സുബാഷ് ആര്യ, ലിക്വർ വ്യവസായി അനിൽ ബാലി എന്നിവർ യോഗങ്ങളിൽ പങ്കെടുത്തു.

ബാബരി മസ്ജിദ്-രാമജന്മഭൂമി തർക്കത്തിൽ 'ശിലാന്യാസം' (ആധാരശില സ്ഥാപിക്കൽ) അനുവദിക്കുക, ദൂർദർശനിൽ രാമായണ സീരിയൽ (രാമാനന്ദ് സാഗർ നിർമാണം) അനുമതി നൽകുക തുടങ്ങിയവയായിരുന്നു ആർഎസ്എസിന്റെ ആവശ്യങ്ങൾ. രാജീവ് ഗവൺമെന്റ് ഇത് നടപ്പാക്കുകയും ഇത് പിന്നീട് ബിജെപിയുടെ ഉയർച്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്തു. 1984 നവംബർ 25ന് 'പ്രതിപക്ഷ' മാസികയിൽ ആർഎസ്എസ് ഐഡിയോലോജിസ്റ്റ് നാനാജി ദേശ്മുഖ് രാജീവ് ഗാന്ധിയെ പ്രശംസിച്ചു കൊണ്ട് ലേഖനമെഴുതി. തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ബാക്കിയിരിക്കെ പ്രസിദ്ധികരിച്ച ഈ ലേഖനം ആർഎസ്എസ് അംഗങ്ങളുടെ മനസിലൂടെ കോൺഗ്രസിന്റെ വിജയം സുഗമമാക്കി.

ആർഎസ്എസിന്റെ തീരുമാനത്തിന്റെ കാരണങ്ങൾ

ആർഎസ്എസ് എന്തുകൊണ്ട് ബിജെപിയെ അവഗണിച്ചു? 1980ൽ രൂപീകരിച്ച ബിജെപി 1984-ൽ 'പരീക്ഷണ' ഘട്ടത്തിലായിരുന്നു. മാത്രമല്ല 'ഹിന്ദു പുനരുദ്ധാരണ'ത്തിന് സഹായിക്കുന്ന എല്ലാ പാർട്ടികളെയും ആർഎസ്എസ് തുല്യമായി കണക്കാക്കുന്നു. രാജീവിന്റെ ഭരണകാലത്ത് ബാബരി മസ്ജിദിൽ കയറാൻ സാധിക്കുകയും രാമജന്മഭൂമി പ്രവർത്തനങ്ങൾക്ക് പിന്തുണ ഉറപ്പാക്കാനും സാധിച്ചു. പിന്നീട് 1989ൽ ബിജെപി 85 സീറ്റുകൾ നേടി ഉയർന്നുവന്നു. ഇന്ദിരയുടെ വധത്തിന് പിന്നാലെ നടന്ന സിഖ് കലാപത്തിലും ആർഎസ്എസിന്റെ പങ്കിനെ കുറിച്ചുള്ള വിവരങ്ങളുണ്ട്. മാത്രമല്ല 1984ലെ കോൺഗ്രസ് ആർഎസ്എസ് ബന്ധം പിന്നീട് ബിജെപിയുടെ ഉയർച്ചക്ക് വഴിയൊരുക്കുകയും ഇന്ന് അവർ രാജ്യ ഭരിക്കുന്ന ശക്തിയായി ഉയർന്നുവരുകയും ചെയ്തു.

Similar Posts