< Back
India
ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് വഴി: പ്രശാന്ത് കിഷോര്‍
India

ബി.ജെ.പിയെ പരാജയപ്പെടുത്താൻ കോൺഗ്രസിനെ ശക്തിപ്പെടുത്തുക മാത്രമാണ് വഴി: പ്രശാന്ത് കിഷോര്‍

Web Desk
|
31 Oct 2022 9:40 AM IST

ആർ.എസ്.എസിനെ തോൽപ്പിക്കാൻ കുറുക്കുവഴികളില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

പാറ്റ്ന: ബി.ജെ.പി-ആര്‍.എസ്.എസ് കൂട്ടുകെട്ടിനെ ഒരു കപ്പ് കാപ്പിയോട് ഉപമിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. കപ്പില്‍ നിറച്ചുവച്ച കാപ്പിയാണ് ആര്‍.എസ്.എസെന്നും അതിനു മുകളിലെ പത മാത്രമാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. ജന്‍ സൂരജ് ക്യാമ്പയിനിന്‍റെ ഭാഗമായി ബിഹാറില്‍ പദയാത്ര നടത്തുന്ന കിഷോര്‍ പടിഞ്ഞാറൻ ചമ്പാരൻ ജില്ലയിലെ ലോറിയയിൽ സംസാരിക്കുകയായിരുന്നു. ഒക്ടോബര്‍ 2നാണ് 3500 കിലോമീറ്റര്‍ പദയാത്ര തുടങ്ങിയത്.

ഗാന്ധിയുടെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിച്ചാൽ മാത്രമേ ഗോഡ്‌സെയുടെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ കഴിയൂ എന്ന് മനസിലാക്കാൻ തനിക്ക് ഏറെ സമയമെടുത്തുവെന്നും നിതീഷ് കുമാറിനെയും ജഗൻ മോഹനെയും പോലുള്ളവരെ സഹായിക്കുന്നതിന് പകരം ഞാൻ ആ ദിശയിൽ പ്രവർത്തിച്ചിരുന്നെങ്കിൽ നന്നായിരുന്നുവെന്നും കിഷോർ പറഞ്ഞു. ബി.ജെ.പിയെ കൃത്യമായി മനസ്സിലാക്കാതെ ആ പാർട്ടിയെ പരാജയപ്പെടുത്താനാവില്ല. ബി.ജെ.പി രാജ്യത്ത് വളരെ ആഴത്തിലുണ്ട്. സാമൂഹ്യ ഘടനയുടെ ആഴങ്ങളിൽ വരെ ആർ.എസ്.എസ് പിടിമുറുക്കി. ആർ.എസ്.എസിനെ തോൽപ്പിക്കാൻ കുറുക്കുവഴികളില്ലെന്നും പ്രശാന്ത് കിഷോർ വ്യക്തമാക്കി.

നിതീഷ് കുമാറിനെ ബി.ജെ.പി ഏജന്‍റ് എന്ന് വിശേഷിപ്പിച്ച കിഷോര്‍ ജെ.ഡി.യുവിന് നേരെയും വിമര്‍ശമുയര്‍ത്തി.'' 'സിഎഎ-എൻപിആർ-എൻആർസിക്കെതിരെ രാജ്യം പ്രതിഷേധമുയർത്തുമ്പോൾ ഞാൻ ജെഡിയു ദേശീയ വൈസ് പ്രസിഡന്‍റായിരുന്നു. പാർലമെന്‍റില്‍ പൗരത്വ ഭേദഗതി ബില്ലിന് അനുകൂലമായി എന്‍റെ പാർട്ടിയിലെ എംപിമാർ വോട്ട് ചെയ്തുവെന്നറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. അന്ന് ഞങ്ങളുടെ ദേശീയ അധ്യക്ഷനായിരുന്ന നിതീഷ് കുമാറിനോട് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചു. താൻ ഒരു പര്യടനത്തിന് പോയിരിക്കുകയാണെന്നും എന്നാൽ ബിഹാറിൽ എൻആർസി അനുവദിക്കില്ലെന്ന് അദ്ദേഹം എനിക്ക് ഉറപ്പ് നൽകി.ഈ ഇരട്ടത്താപ്പ് എനിക്ക് ഈ മനുഷ്യനോടൊപ്പം പ്രവർത്തിക്കാൻ കഴിയില്ലെന്ന് എന്നെ ബോധ്യപ്പെടുത്തി'' കിഷോര്‍ പറഞ്ഞു.

Similar Posts