
Photo| Special Arrangement
കർണാടകയിൽ മന്ത്രിയുടെ മണ്ഡലത്തിൽ ആർഎസ്എസ് മാർച്ചിന് വിലക്ക്; അനുമതി നൽകാതെ ഹൈക്കോടതിയും
|ചിറ്റാപൂർ നഗരത്തിലാണ് ഞായറാഴ്ച റൂട്ട് മാർച്ച് നടത്തേണ്ടിയിരുന്നത്. ക്രമസമാധാനം തകരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതരുടെ നടപടി.
ബംഗളൂരു: കർണാടകയിൽ മന്ത്രി പ്രിയങ്ക് ഖാർഗെയുടെ മണ്ഡലമായ ചിറ്റാപൂരിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നിഷേധിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് റൂട്ട് മാർച്ചിനുള്ള സജ്ജീകരണങ്ങൾ നടത്തുകയും വളണ്ടിയർമാർ സന്നദ്ധരാവുകയും ചെയ്യുന്നതിനിടെയായിരുന്നു തഹസിൽദാറുടെ നടപടി. ഇതിനെതിരെ ആർഎസ്എസ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും മറ്റൊരു തീയതിയിലേക്ക് പ്രത്യേകം അപേക്ഷ നൽകാൻ കോടതി ഉത്തരവിട്ടു.
പൊതുയിട ഉപയോഗത്തിന് മുൻകൂർ അനുമതി വാങ്ങണമെന്ന് നിർദേശിച്ച് 2012-13ൽ മുതിർന്ന ബിജെപി നേതാവ് ജഗദീഷ് ഷെട്ടാർ മുഖ്യമന്ത്രിയായിരിക്കെ പുറപ്പെടുവിച്ച സർക്കുലർ കർശനമായി നടപ്പിലാക്കാൻ വ്യാഴാഴ്ച മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇത് ഉത്തരവായി ഇറക്കാൻ ധൈര്യമുണ്ടോ എന്ന് നിലവിൽ ബിജെപി രാജ്യസഭാംഗമായ ഷെട്ടാർ ശനിയാഴ്ച രാവിലെ പ്രിയങ്ക് ഖാർഗെ വെല്ലുവിളിച്ചു. വൈകിട്ട് സർക്കാർ മന്ത്രിസഭാ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഉത്തരവിറക്കുകയും ചെയ്തു. ഈ ഉത്തരവ് പിന്തുടർന്നായിരുന്നു ഞായറാഴ്ച ആർഎസ്എസ് റൂട്ട് മാർച്ചിന് നിരോധനം.
ചിറ്റാപൂർ നഗരത്തിലാണ് ഞായറാഴ്ച റൂട്ട് മാർച്ച് നടത്തേണ്ടിയിരുന്നത്. ക്രമസമാധാനം തകരാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അധികൃതരുടെ നടപടി. റൂട്ട് മാർച്ചിന് അനുമതി നൽകുന്നതിന് മുമ്പ് സ്ഥാപിച്ച കട്ടൗട്ടുകളും ബാനറുകളും ചിറ്റാപൂർ നഗരസഭാ അധികൃതർ ശനിയാഴ്ച പൊലീസ് സുരക്ഷയിൽ നീക്കം ചെയ്തിരുന്നു.
പൊതുസ്ഥലങ്ങളിലെ ആർഎസ്‌എസിന്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് രാജ്, ഐടി/ബിടി മന്ത്രി പ്രിയങ്ക് ഖാർഗെ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു മന്ത്രിസഭാ തീരുമാനം. ആർഎസ്എസിന്റെ ശതാബ്ദി ആഘോഷത്തിന്റെയും വിജയദശമി ഉത്സവാഘോഷത്തിന്റേയും ഭാഗമായി ഒക്ടോബർ 19ന് വൈകിട്ട് മൂന്നിന് കലബുറുഗി ജില്ലയിലെ ചിറ്റാപൂർ പട്ടണത്തിൽ നടത്താൻ പോകുന്ന റൂട്ട് മാർച്ചും വിജയദശമി പരിപാടിയും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ആർഎസ്എസിന്റെ അപേക്ഷ.
ഇതുസംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ചിറ്റാപൂർ സബ് ഇൻസ്പെക്ടർക്ക് തഹസിൽദാർ നിർദേശം നൽകി. ഒക്ടോബർ 19ന് ഇതേ റൂട്ടിൽ റൂട്ട് മാർച്ച് നടത്തുമെന്ന് അറിയിച്ച് ഭീം ആർമി സംഘടനയുടെ കത്ത്, ഒക്ടോബർ 16ന് ആർഎസ്‌എസ് പ്രവർത്തകൻ ദാനേഷ് നരോൺ പ്രാദേശിക എംഎൽഎയും ജില്ലാ ചുമതലയുള്ള മന്ത്രിയുമായ പ്രിയങ്ക് ഖാർഗെയെ അധിക്ഷേപിക്കുകയും ജീവന് ഭീഷണി മുഴക്കുകയും
ചെയ്തത് സംബന്ധിച്ച പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്, ബംഗളൂരു സദാശിവനഗർ പൊലീസ് സ്റ്റേഷനിൽ ഇതുസംബന്ധിച്ച് രജിസ്റ്റർ ചെയ്ത കേസ്, മന്ത്രിക്കെതിരായ ഭീഷണിയിൽ പ്രതിഷേധിച്ച് ചിറ്റാപൂർ ഉൾപ്പെടെ കർണാടകയിലുടനീളം നടന്ന പ്രകടനങ്ങൾ തുടങ്ങിയവ ക്രമസമാധാനം തകരാനുള്ള സാധ്യതയായി തഹസീൽദാർ ചൂണ്ടിക്കാട്ടി.
ഭീം ആർമിയും ഇന്ത്യൻ ദലിത് പാന്തേഴ്‌സും അതേ വഴിയിലൂടെ മാർച്ച് നടത്താൻ അനുമതി തേടിയിരുന്നു. ചിറ്റാപൂർ പട്ടണത്തിൽ ആർഎസ്എസ്, ഭീം ആർമി, ഇന്ത്യൻ ദലിത് പാന്തേഴ്‌സ് എന്നിവർ ഒരേ വഴിയിലൂടെ പ്രകടനം നടത്തിയാൽ ഈ ഗ്രൂപ്പുകൾ തമ്മിൽ സംഘർഷമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഇത് പൊതു സമാധാനത്തിനും ക്രമസമാധാനത്തിനും വിഘാതം സൃഷ്ടിക്കുമെന്നും പൊതുജനങ്ങളിൽ നിന്നും പൊലീസ് വിവരദാതാക്കളിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ വിലയിരുത്തൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.