< Back
India
അരുണാചല്‍ പ്രദേശിനെ ‘ക്രിസ്ത്യൻ സ്റ്റേറ്റ്’ ആക്കുമെന്ന ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രഖ്യാപനത്തിനെതിരെ ആർഎസ്എസ്
India

അരുണാചല്‍ പ്രദേശിനെ ‘ക്രിസ്ത്യൻ സ്റ്റേറ്റ്’ ആക്കുമെന്ന ക്രിസ്ത്യന്‍ ഫോറത്തിന്റെ പ്രഖ്യാപനത്തിനെതിരെ ആർഎസ്എസ്

Web Desk
|
20 March 2025 2:45 PM IST

സംസ്ഥാനത്ത് 1971ൽ 0.79 ശതമാനം മാത്രമായിരുന്ന ക്രിസ്ത്യൻ ജനസംഖ്യ 40 വർഷം കൊണ്ട് 30.26 ശതമാനത്തിലെത്തിയെന്നും ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ ചൂണ്ടിക്കാട്ടുന്നു

ഗുവാഹത്തി: അരുണാചൽപ്രദേശിനെ ക്രിസ്ത്യൻ സ്റ്റേറ്റ് ആക്കുമെന്ന അരുണാചൽ ക്രിസ്ത്യൻ ഫോറം(എസിഎഫ്) എന്ന സംഘടനയുടെ പ്രഖ്യാപനത്തിനെതിരെ ആർഎസ്എസ്.

മതംമാറ്റ വിരുദ്ധ നിയമം നടപ്പാക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധവുമായി അരുണാചല്‍പ്രദേശിലെ ക്രിസ്ത്യന്‍ സമൂഹം രംഗത്തുണ്ട്. ഇതിനിടെയിലാണ് എസിഎഫിന്റെ പ്രഖ്യാപനം. അരുണാചൽ പ്രദേശിനെ ക്രിസ്ത്യൻ സ്റ്റേറ്റ് ആക്കുമെന്ന പ്രതിജ്ഞയെടുക്കുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.

'' അരുണാചൽ മുതൽ അസം വരെ നമ്മുടെ പിതാക്കന്മാരുടെ നാടാണ്. തവാങ് മുതൽ ലോങ്ഡിംഗ് വരെയും, മെസുക മുതൽ ഇറ്റാനഗർ വരെയും. ഇന്ന് അരുണാചൽ യേശുവിന്റേതാണെന്ന് കർത്താവായ യേശുവിന്റെ നാമത്തിൽ ഞങ്ങൾ പ്രഖ്യാപിക്കുന്നു''- ഇങ്ങനെയായിരുന്നു പ്രഖ്യാപനം. ഇതിന് പിന്നാലെയാണ് ആര്‍എസ്എസ് രംഗത്ത് എത്തുന്നത്.

അരുണാചലിനെ ക്രിസ്ത്യൻ സംസ്ഥാനമായി പ്രഖ്യാപിക്കുന്ന വീഡിയോ, പരിഭ്രാന്തി പരത്തുന്നുവെന്നാണ് മുഖപത്രമായ ഓര്‍ഗനൈസറില്‍ പറയുന്നത്. സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങളും മതപരിവര്‍ത്തനങ്ങളും ഓര്‍ഗനൈസര്‍ എടുത്തുകാണിക്കുന്നു.

എസിഎഫിന്റെ പ്രഖ്യാപനം തദ്ദേശീയ മതവിശ്വാസികളിലും മറ്റ് മതവിഭാഗങ്ങളിലും ഗുരുതരമായ ആശങ്കകൾ ഉയർത്തിയിട്ടുണ്ടെന്നും ഈ മേഖലയിൽ മതപരിവർത്തനത്തിനുള്ള സാധ്യതയെ അവര്‍ ഭയപ്പെടുന്നുണ്ടെന്നും ഓര്‍ഗനൈസര്‍ പറയുന്നു.

ബലപ്രയോഗത്തിലൂടെയോ പ്രലോഭനത്തിലൂടെയോ മതപരിവർത്തനം തടയുന്നതിനായി നടപ്പിലാക്കിയ അരുണാചൽ പ്രദേശ് മതസ്വാതന്ത്ര്യ നിയമം 1978 (APFRA) അടിയന്തരമായി നടപ്പില്‍ വരുത്തുന്നതിന്റെ പ്രാധാന്യത്തെയാണ് സംഭവം ചൂണ്ടിക്കാണിക്കുന്നതെന്നും ഓര്‍ഗനൈസര്‍ വ്യക്തമാക്കുന്നു.

'അരുണചാൽപ്രദേശിൽ ക്രിസ്ത്യൻ ജനസംഖ്യവർധിക്കുകയാണ്. സംസ്ഥാനത്ത് 1971ൽ 0.79 ശതമാനം മാത്രമായിരുന്ന ക്രിസ്ത്യൻ ജനസംഖ്യ 40 വർഷം കൊണ്ട് 30.26 ശതമാനത്തിലെത്തി. കോവിഡ് കാരണം 2021ലെ സെൻസസ് നടന്നിട്ടില്ല. എന്നാൽ ക്രിസ്ത്യൻ ജനസംഖ്യ 40 ശതമാനം എത്തിയെന്നാണ് വിലയിരുത്തലെന്നും'- ഓർഗനൈസർ പറയുന്നു. സജീവമായ സുവിശേഷ പ്രചാരണവും ബഹുജന മതപരിവർത്തനങ്ങളുമാണ് ക്രിസ്ത്യന്‍ ജനസംഖ്യവര്‍ധിക്കാന്‍ കാരണമെന്നും ഓര്‍ഗനൈസര്‍ ആരോപിക്കുന്നു.

Similar Posts