
Photo| MediaOne
ആര്‍എസ്എസ് ശതാബ്ദി ആഘോഷം ഇന്ന് നാഗ്പൂരിൽ
|രാവിലെ 7.40ന് നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്തെ പൊതുപരിപാടിയില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും
നാഗ്പൂര്‍: ആര്‍എസ്എസ് ശതാബ്ദി ആഘോഷം ഇന്ന് നാഗ്പൂരിൽ നടക്കും. രാവിലെ 7.40ന് നാഗ്പൂര്‍ രേശിംഭാഗ് മൈതാനത്തെ പൊതുപരിപാടിയില്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കും. ഇന്നലെ ഡൽഹിയിൽ നടന്ന ആഘോഷത്തിൽ പ്രത്യേക സ്റ്റാമ്പും നാണയവും പുറത്തിറക്കിയത് വിവാദമായിരുന്നു.
ആർഎസ്എസിന്‍റെ ആഘോഷത്തിൽ പങ്കെടുക്കുന്ന രണ്ടാമത്തെ മുൻ രാഷ്ട്രപതിയാണ് രാംനാഥ് കോവിന്ദ്. ഇതിന് മുമ്പ് 2018-ൽ, മൂന്ന് വർഷത്തെ പരിശീലന ക്യാമ്പിന്‍റെ സമാപനത്തോടനുബന്ധിച്ച് നടന്ന ആർഎസ്എസ് പരിപാടികളിലൊന്നിൽ മുൻ രാഷ്ട്രപതി പ്രണബ് മുഖർജി മുഖ്യാതിഥിയായിരുന്നു. സംഘപരിവാറിൻ്റെ ആശയങ്ങളോട് വിയോജിപ്പ് പ്രണബ് അന്ന് വേദിയിൽ തുറന്ന് പറഞ്ഞിരുന്നു.
രാംനാഥ് കോവിന്ദ് ആർ എസ് എസ് പരിപാടിയിൽ പങ്കെടുക്കുന്നതിനെതിരെ വിമർശനം ശക്തമാണ്. ഇന്നലെ പുറത്തിറങ്ങിയ പ്രത്യേക തപാൽ സ്റ്റാമ്പും നാണയവും ഭരണഘടനയെ അപമാനിക്കലാണെന്ന് സിപിഎം വ്യക്തമാക്കിയിരുന്നു. സ്വാതന്ത്രസമരത്തിൽ ഒരുപങ്കുമില്ലാത്ത ആർഎസ്എസിനെ വെള്ളപൂശാനുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ഇടത്പാർട്ടികൾ വ്യക്തമാക്കുന്നത്.
വിജയദശമി ദിനത്തിൽ സ്ഥാപിതമായ ആർഎസ് എസിൻ്റെ ശതാബ്ദി ഗാന്ധിജയന്തി ദിനമായ ഒക്ടോബർ 2 ന്എത്തി എന്നതാണ് കൗതുകം.സ്വതന്ത്ര ഇന്ത്യയിൽ ഗാന്ധിവധത്തിൻ്റെ പേരിലാണ് ആർഎസ്എസ് ആദ്യമായി നിരോധനം നേരിട്ടത്.