< Back
India
Sachin Pilot absence in protests against disqualification of Rahul Gandhi

Sachin Pilot

India

രാഹുലിനായുള്ള പ്രതിഷേധങ്ങളില്‍ കാണാനില്ല; സച്ചിന്‍ പൈലറ്റ് എവിടെ?

Web Desk
|
29 March 2023 9:02 PM IST

പ്രതിഷേധങ്ങളില്‍ നിന്ന് എന്തുകൊണ്ട് സച്ചിന്‍ പൈലറ്റ് വിട്ടുനില്‍ക്കുന്നുവെന്നാണ് ഉയരുന്ന ചോദ്യം

ജയ്പൂര്‍: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയതിനെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം തുടരുകയാണ്. എന്നാല്‍ ഈ പ്രതിഷേധങ്ങളില്‍ സച്ചിന്‍ പൈലറ്റിന്‍റെ അസാന്നിധ്യം ശ്രദ്ധേയമാകുന്നു. പ്രതിഷേധങ്ങളില്‍ നിന്ന് എന്തുകൊണ്ട് സച്ചിന്‍ പൈലറ്റ് വിട്ടുനില്‍ക്കുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ ചോദ്യം.

രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുമ്പോള്‍ പൈലറ്റ് ക്യാമ്പ് നിശ്ശബ്ദമാണ്. സത്യം പറഞ്ഞതിനാണ് രാഹുൽ ഗാന്ധി ശിക്ഷിക്കപ്പെട്ടതെന്നും രാജ്യത്ത് ജനാധിപത്യം നിലനിൽക്കുന്നത് കോൺഗ്രസ് ഉള്ളതുകൊണ്ടാണെന്നും ബിക്കാനീറിൽ നടന്ന റാലിയിൽ അശോക് ഗെഹ്‍ലോട്ട് പറഞ്ഞു. മോത്തിലാൽ നെഹ്‌റുവും ജവഹർലാൽ നെഹ്‌റുവും ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തെ നയിച്ചു. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ചു. ഭാരത് ജോഡോ യാത്രയിലൂടെ രാജ്യത്തിന് ഐക്യത്തിന്റെ സന്ദേശം നൽകിയ രാഹുലിന്‍റെ പ്രതിച്ഛായ തകര്‍ക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും ഗെഹ്‍ലോട്ട് വിമര്‍ശിക്കുകയുണ്ടായി.

മാർച്ച് 28, 29 തിയ്യതികളിൽ 'ജനാധിപത്യം അയോഗ്യമാക്കപ്പെട്ടു' എന്ന വിഷയത്തിൽ കോൺഗ്രസ് നേതാക്കൾ വാര്‍ത്താസമ്മേളനം നടത്തി. ഉദയ്പൂർ, ജോധ്പൂർ, കോട്ട, അഹമ്മദാബാദ് എന്നിവിടങ്ങളിലാണ് വാര്‍ത്താമ്മേളനം നടത്തിയത്. ഈ പരിപാടിയിൽ പങ്കെടുക്കാൻ നിശ്ചയിച്ച നേതാക്കളുടെ പട്ടികയിൽ സച്ചിൻ പൈലറ്റിന്റെ പേരില്ലായിരുന്നു.

താന്‍ ഉയർത്തിയ വിഷയങ്ങളിൽ കൃത്യമായ തീരുമാനങ്ങളൊന്നും എടുക്കാത്തതിന്റെ പേരിൽ ഹൈക്കമാൻഡുമായി പൈലറ്റ് ഇടഞ്ഞെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായോ പ്രചാരണ സമിതിയുടെ തലവനായോ നിയമിക്കാനായി പൈലറ്റ് ക്യാമ്പ് മുന്നോട്ടുവെയ്ക്കുന്ന സമ്മർദ തന്ത്രമാണിതെന്നും റിപ്പോര്‍ട്ടുണ്ട്.

Similar Posts