< Back
India
എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ കര്‍ശന പരിശോധന; ജൂണ്‍ 15 മുതല്‍ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കും
India

എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളില്‍ കര്‍ശന പരിശോധന; ജൂണ്‍ 15 മുതല്‍ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയമാക്കും

Web Desk
|
14 Jun 2025 10:14 AM IST

2024ല്‍ ബോയിങ്ങിലെ ഒരു എഞ്ചിനിയര്‍ കമ്പനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ബോയിങ് 787-8/ 9 ഫ്‌ലീറ്റിന് കീഴിലുള്ള എല്ലാ വിമാനങ്ങളും ജൂണ്‍ 15 മുതല്‍ സുരക്ഷ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്ന് സിവില്‍ ഏവിയേഷന്‍ മിനിസ്ട്രി. ഡയറക്ട് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദ്ദേശിച്ച എല്ലാ നൂതനപരിശോധനകള്‍ക്കും വിധേയമാകണമെന്നാണ് നിര്‍ദ്ദേശം. ഇന്ധനം, എഞ്ചിന്‍, ഹൈഡ്രോളിക് സിസ്റ്റം തുടങ്ങിയവയുടെ പരിശോധനകള്‍ നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

GenX എഞ്ചിനുകളുള്ള എയര്‍ ഇന്ത്യ ബോയിങ് ഡ്രീംലൈനര്‍ വിമാനങ്ങളും സുരക്ഷാപരിശോധനകള്‍ക്ക് വിധേയമാകണം. ഇന്ധന പാരാമീറ്റര്‍ നിരീക്ഷണത്തിന്റെയും അനുബന്ധ സിസ്റ്റത്തിന്റെയും പരിശോധന, കാബിന്‍ എയര്‍ കംപ്രസര്‍, ഇലക്ട്രോണിക് എഞ്ചിന്‍ നിയന്ത്രണ സിസ്റ്റം, എഞ്ചിന്‍ ഇന്ധനത്താല്‍ പ്രവര്‍ത്തിക്കുന്ന ആക്യുവേറ്റര്‍-ഓപ്പറേഷണല്‍ ടെസ്റ്റും ഓയില്‍ സിസ്റ്റം പരിശോധന, ഹൈഡ്രോളിക് സിസ്റ്റത്തിന്റെ സേവനക്ഷമത, ടേക്ക്-ഓഫ് പാരാമീറ്ററുകളുടെ അവലോകനം തുടങ്ങിയ പരിശോധനകള്‍ക്കാണ് ഡിജിസിഎ കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. കൂടാതെ ഫയര്‍ അഷ്വറന്‍സ്് പരിശോധനകള്‍ രണ്ടാഴ്ചക്കുള്ളില്‍ നടത്തും. ഫ്‌ളൈറ്റ് കണ്‍ട്രോള്‍ ഇന്‍സ്പഷനും നടത്തും.

കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടെ ബോയിങ് ഡ്രീംലൈനറില്‍ ആവര്‍ത്തിച്ചുള്ള തകരാറുകള്‍ എത്രയും പെട്ടെന്ന് അവലോകനം നടത്തണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. 2011ല്‍ വാണിജ്യാടിസ്ഥാനത്തില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം '787' ബോയിങ് ഡ്രീംലൈനര്‍ ഉള്‍പ്പെട്ട ആദ്യത്തെ മാരകമായ അപകടമാണ് അഹമ്മദാബാദില്‍ നടന്നത്. 2024ല്‍ ബോയിങ്ങിലെ ഒരു എഞ്ചിനിയര്‍ കമ്പനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ അതിലേക്ക് വിരല്‍ ചൂണ്ടുന്ന തെളിവുകളോ അപകടങ്ങളോ ഉണ്ടായിരുന്നില്ല. വിമാനാപകടത്തെ തുടര്‍ന്ന് ഫ്‌ളൈറ്റ് 171മായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയുമായി സംസാരിച്ചുവെന്ന് ബോയിങ്ങിന്റെ പ്രസ്താവനയില്‍ പറയുന്നു. എയര്‍ ഇന്ത്യയെ പിന്തുണക്കാന്‍ തയ്യാറാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം, അഹമ്മദാബാദിലെ എയര്‍ ഇന്ത്യ അപകടം അന്വേഷിക്കാന്‍ ഉന്നതതല സമിതി രൂപീകരിച്ച് കേന്ദ്രസര്‍ക്കാര്‍. മൂന്നുമാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിമാന അപകടത്തിന്റെ കാരണമെന്തെന്ന് സമിതി അന്വേഷിക്കും. ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഒഴിവാക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നും സമിതി നിര്‍ദേശിക്കും. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് സമിതി അധ്യക്ഷന്‍.

Similar Posts