< Back
India
ശമ്പളത്തിൽ രണ്ട് ലക്ഷം രൂപയുടെ വർധനവ് വേണം; ജോലിയിൽ പ്രവേശിക്കാൻ രണ്ട് ദിവസം മുമ്പുള്ള ഉദ്യോഗാർഥിയുടെ നിബന്ധനയിൽ വലഞ്ഞ് കമ്പനി
India

ശമ്പളത്തിൽ രണ്ട് ലക്ഷം രൂപയുടെ വർധനവ് വേണം; ജോലിയിൽ പ്രവേശിക്കാൻ രണ്ട് ദിവസം മുമ്പുള്ള ഉദ്യോഗാർഥിയുടെ നിബന്ധനയിൽ വലഞ്ഞ് കമ്പനി

ശരത് ഓങ്ങല്ലൂർ
|
23 March 2026 1:45 PM IST

കമ്പനി സിഇഒയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്

ബംഗളുരു: കോർപ്പറേറ്റ് മേഖലകളിൽ കമ്പനി വിട്ട് മറ്റൊരു കമ്പനിയിൽ പ്രവേശിക്കുന്നത് വളരെ സാധാരണമായൊരു കാര്യമാണ്. പരമാവധി ആനുകൂല്യങ്ങളും ശമ്പളവും നേടിയെടുക്കാനുള്ള ഉദ്യോഗാർഥികളുടെ ഓരോ നീക്കങ്ങളും വലിയ പ്രാധാന്യത്തോടെ വാർത്തയാവാറുമുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഡേറ്റിംഗ് ആപ്പായ 'നോട്ടി'ൻ്റെ സിഇഒ ജസ്വീർ സിംഗ് പങ്കുവെക്കുന്നത്.

സംഭവം ഇങ്ങനെയാണ്. 21 ലക്ഷം വാർഷിക ശമ്പളത്തിൽ മറ്റൊരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ബാക്ക് എൻഡ് ഡെവലപ്പറെ ' നോട്ട് ' അഭിമുഖത്തിന് വിളിക്കുന്നു. അഭിമുഖവും പൂർത്തിയാക്കിയ ശേഷം നിലവിലെ ശമ്പളത്തിന്റെ 33 ശതമാനം വർധനവോടുകൂടി ഓഫർ ലെറ്റർ നൽകുന്നു. വാർഷിക ശമ്പളമായി 28 ലക്ഷം രൂപയാണ് കമ്പനി ഓഫർ ചെയ്തത്. ഡെവലപ്പർ അത് സ്വീകരിക്കുകയും ചെയ്തു. അതിന്റെ അടിസ്ഥാനത്തിൽ കമ്പനി പുതിയ ആളുകളെ അഭിമുഖം നടത്തുന്നത് നിർത്തുകയും ചെയ്തു. നിലവിലെ സ്ഥാപനത്തിൽ നോട്ടീസ് പിരീഡ് പൂർത്തിയാവുന്നതിന് രണ്ട് ദിവസം മുമ്പ് ഉദ്യോഗാർഥി 'നോട്ടി'ൻ്റെ എച്ച് ആർ വിഭാഗത്തെ ബന്ധപ്പെടുന്നിടത്താണ് ട്വിസ്റ്റ്. തനിക്ക് മറ്റൊരു സ്ഥാപനത്തിൽ നിന്ന് 32 ലക്ഷം രൂപയുടെ ഓഫർ ലഭിച്ചിട്ടുണ്ട്. 36 ലക്ഷം രൂപം നൽകിയാൽ മാത്രമേ താൻ 'നോട്ടി'ൽ ജോയിൻ ചെയ്യുള്ളു എന്നാണ് ഉദ്യോഗാർഥി അറിയിച്ചത്. അതുമാത്രമല്ല, ശനി, ഞായർ ദിവസങ്ങളിൽ ജോലി ചെയ്യില്ലെന്ന നിബന്ധനകൂടി മുന്നോട്ട് വെക്കുകയായിരുന്നു.

ഇതിനെതിരെയാണ് കമ്പനി സിഇഒ രംഗത്തുവന്നത്. കമ്പനി ഉദ്യോഗാർഥി അയച്ച ഇമെയിലിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് പോസ്റ്റ്. സിഇഒയുടെ പോസ്റ്റിൽ സമ്മിശ്ര പ്രതികരണമാണ് രംഗത്ത് വരുന്നത്. ഉദ്യോഗാർഥിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടു എന്നാണ് ഒരു വിഭാഗം പറയുന്നത്. എന്നാൽ, മെച്ചപ്പെട്ട വേതനം നേടാനുള്ള ഉദ്യോഗാർഥിയുടെ അവകാശത്തിനൊപ്പമാണ് മറ്റൊരു വിഭാഗമുള്ളത്. പുതിയ തൊഴിൽ സാഹചര്യങ്ങളിൽ ഇതൊക്കെ സാധാരണം എന്നാണ് മറ്റൊരു വിഭാഗം പറയുന്നത്.



Similar Posts