< Back
India
Abu Azmi
India

ഔറംഗസേബിനെ പുകഴ്ത്തൽ; എസ്‍പി എംഎല്‍എ അബു ആസ്മിക്കെതിരെ കേസ്, രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് മഹായുതി

Web Desk
|
5 March 2025 2:45 PM IST

മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്

മുംബൈ: മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിനെ പ്രകീര്‍ത്തിച്ച് സംസാരിച്ച സമാജ്‍വാദി പാര്‍ട്ടി എംഎല്‍എയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ അബു ആസ്മിക്കെതിരെ കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയതിനാണ് കേസ്. ആസ്‌മിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ പരാമര്‍ശത്തിന് പിന്നാലെ ലോക്‌സഭാ എംപി നരേഷ് മാസ്‌കെയുടെ പരാതിയില്‍ താനെ മറൈൻ ഡ്രൈവ് പൊലീസ് സ്‌റ്റേഷനിൽ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

‘‘മുഗൾ രാജാവായ ഔറംഗസേബിനെ മോശമായി ചിത്രീകരിക്കാൻ ചിലർ ചരിത്രത്തെ വളച്ചൊടിക്കുകയാണ്. അദ്ദേഹം ഒട്ടേറെ ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ട്. ഛത്രപതി സംഭാജിക്കും ഔറംഗസേബിനുമിടയിൽ നടന്ന യുദ്ധം രണ്ട് ഭരണകൂടങ്ങൾ തമ്മിലുള്ള യുദ്ധമാണ്. അല്ലാതെ മുസ്‌ലിംകളും ഹൈന്ദവരും തമ്മിൽ നടന്ന പോരാട്ടമല്ല. ഔറംഗസേബിനെ ക്രൂരനായ ഭരണാധികാരിയായി ഞാൻ കണക്കാക്കുന്നില്ല'' എന്നാണ് കഴിഞ്ഞദിവസം അബു ആസ്മി പറഞ്ഞത്. വിക്കി കൗശൽ നായകനായ ബോളിവുഡ് സിനിമ ‘ചാവ’ ചരിത്രത്തെ വളച്ചൊടിച്ച് തയാറാക്കിയതാണെന്ന് സമർഥിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ വിവാദ പരാമര്‍ശം.

സംഭവം വിവാദമായതോടെ മാപ്പ് പറഞ്ഞ് അബു ആസ്മി രംഗത്തെത്തി. ‘‘ഹൈന്ദവ സഹോദരങ്ങളുടെ വികാരം വ്രണപ്പെടുത്തണം എന്ന് കരുതിയിട്ടില്ല. പലരും വാക്കുകൾ വളച്ചൊടിച്ചു. ചരിത്രപുസ്തകങ്ങളിൽ രേഖപ്പെടുത്തിയത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ’’– അദ്ദേഹം വ്യക്തമാക്കി. എംഎല്‍എക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും നിയമസഭയിൽനിന്ന് പുറത്താക്കണമെന്നും ഭരണപക്ഷം ആവശ്യപ്പെട്ടു. അതിനിടെ അബു ആസ്മിക്കെതിരെ ബിജെപി നേതാവ് നവ്‍നീത് റാണ രംഗത്തെത്തി. ഔറംഗസേബിന്‍റെ ശവകുടീരം ഇടിച്ചുനിരത്തണമെന്ന് അവര്‍ പറഞ്ഞു.

Similar Posts