< Back
India
Akhilesh Yadav

അഖിലേഷ് യാദവ്

India

യുപിയിൽ 65 സീറ്റിൽ മത്സരിക്കുമെന്ന് എസ്.പി; കോൺഗ്രസിനും ആർ.എൽ.ഡിയ്ക്കും 15 സീറ്റ്

Web Desk
|
6 Jan 2024 6:53 AM IST

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ അവഗണനയ്ക്കുള്ള മറുപടി കൂടിയാണ് ഈ തീരുമാനം

ഡല്‍ഹി: ഇൻഡ്യ മുന്നണിയിൽ ഔദ്യോഗിക സീറ്റ് ചർച്ച തുടങ്ങുന്നതിന് മുൻപേ ഉത്തർപ്രദേശിൽ നിലപാട് വ്യക്തമാക്കി സമാജ് വാദി പാർട്ടി. ആകെയുള്ള 80 ലോക്സഭാ സീറ്റുകളിൽ 65 ഇടത്തും സ്വന്തം സ്ഥാനാർഥിയെ നിർത്തുമെന്നാണ് എസ്.പി യുടെ നിലപാട് . മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ അവഗണനയ്ക്കുള്ള മറുപടി കൂടിയാണ് ഈ തീരുമാനം.

സഖ്യകക്ഷിയായ ആർ.എൽ.ഡിയ്ക്കും കോൺഗ്രസിനും കൂടിയാണ് സമാജ്‍വാദി 15 സീറ്റ് മാറ്റി വച്ചത്. ബാക്കി മുഴുവൻ സീറ്റുകളിലും സൈക്കിൾ ചിഹ്നത്തിൽ പാർട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന പ്രഖ്യാപനം കോൺഗ്രസിനെ ഞെട്ടിപ്പിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയിൽ, ഏറ്റവും കൂടുതൽ ദിവസം രാഹുൽ ഗാന്ധി ചെലവഴിക്കുന്നത് യുപിയിലാണെന്നു പ്രഖ്യാപിച്ച ദിവസം തന്നെയാണ് എസ് പി നിലപാട് വ്യക്തമാക്കിയത്. യുപിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് 11 ദിവസം മാറ്റി വച്ചത് .

2018 ലെ മധ്യപ്രദേശ് നിയമസഭാ തെരെഞ്ഞെടുപ്പിൽ എസ് പിയുടെ ഒരു എം എൽ എ യുടെ പിന്തുണ കോൺഗ്രസ് സർക്കാരിനായിരുന്നു . എന്നാൽ ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും നൽകാൻ കോൺഗ്രസ് തയ്യാറായിരുന്നില്ല. മാത്രമല്ല എസ് പി അധ്യക്ഷൻ അഖിലേഷ് യാദവിനെ വ്യക്തിപരമായി കോൺഗ്രസ് നേതാവ് കമൽനാഥ് അവഹേളിക്കുകയും ചെയ്തു. ഇതിനെല്ലാം ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് , യുപിയിൽ മറുപടി നൽകാമെന്ന് അന്നേ അഖിലേഷ് വ്യക്തമാക്കിയിരുന്നു. കഴിഞ തവണ ലോക്സഭാ തെരഞ്ഞെടുപ്പിൽ എസ് പിയും ബിഎസ്പിയും ഒരുമിച്ചാണ് മത്സരിച്ചത്. കൂടുതൽ നേട്ടമുണ്ടാക്കിയ ബിഎസ്പി , എസ് പിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്തു . കൂടുതൽ എംപിമാരെ ഉത്തർപ്രദേശിൽ നിന്നും നേടി ഇൻഡ്യ മുന്നണിയിൽ വിലപേശൽ ശേഷിയുള്ള പാർട്ടിയായി മാറുകയാണ് അഖിലേഷ് യാദവിന്‍റെ ലക്ഷ്യം.

Similar Posts