< Back
India
Sambhal firing Allahabad HC stays lower court order directing FIR against cops
India

സംഭൽ വെടിവെപ്പ്: പൊലീസുകാർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി

ഷിയാസ് ബിന്‍ ഫരീദ്
|
10 Feb 2026 8:52 PM IST

എഎസ്പി അനൂജ് ചൗധരിയും സംസ്ഥാന സർക്കാരും നൽകിയ അപ്പീലിലാണ് ഹൈക്കോടതി നടപടി.

ലഖ്നൗ: ഉത്തർപ്രദേശിലെ സംഭൽ ഷാഹി ജുമാ മസ്ജിദ് സർവേയ്ക്കിടെ നടന്ന വെടിവെപ്പിൽ പൊലീസുകാർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി. സംഭൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. വെടിവെപ്പുമായി ബന്ധപ്പെട്ട് അഡീഷണൽ പൊലീസ് സൂപ്രണ്ട് അനൂജ് ചൗധരി, സംഭൽ- കോട്‌വാലി ഇൻചാർജ് അനുജ് കുമാർ തോമർ എന്നിവരടക്കം 12ലേറെ പൊലീസുകാർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവാണ് സ്റ്റേ ചെയ്തത്.

ഈ മാസം ഒമ്പതിനായിരുന്നു സിജെഎം കോടതിയുടെ നിർണായക ഉത്തരവ്. ഇതിനെതിരെ എഎസ്പി അനൂജ് ചൗധരിയും സംസ്ഥാന ബിജെപി സർക്കാരും നൽകിയ അപ്പീലിലാണ് ഹൈക്കോടതി നടപടി. കേസ് ഫെബ്രുവരി 24ന് വീണ്ടും പരി​ഗണിക്കും. മജിസ്ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച രണ്ട് ഹർജികളും വാദം കേൾക്കാനായി ഹൈക്കോടതി സംയോജിപ്പിച്ചു. തുടർന്ന് ഇന്ന് പരി​ഗണിച്ചപ്പോൾ, യുപി സർക്കാർ തങ്ങളുടെ വാദം അവതരിപ്പിക്കുകയായിരുന്നു. തുടർന്നാണ് കോടതി വിധി.

പൊലീസുകാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വിഭാൻഷു സുധീറിനെ കഴിഞ്ഞമാസം 22ന് ഹൈക്കോടതി സ്ഥലംമാറ്റിയിരുന്നു. സുൽത്താൻപൂരിലെ സിവിൽ ജഡ്ജി ആയാണ് സ്ഥലംമാറ്റിയത്. ജഡ്ജിയെ സ്ഥലംമാറ്റിയ നടപടിക്കെതിരെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് രം​​ഗത്തെത്തിയിരുന്നു. സ്ഥലംമാറ്റം അന്യായമാണെന്ന് വിശേഷിപ്പിച്ച അദ്ദേഹം, വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടിരുന്നു. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന കോടതി ഉത്തരവിന് ശേഷം, ജനുവരി 15ന് എഎസ്പി അനൂജ് ചൗധരി ​ഗോരഖ്പൂരിലെ മകര സംക്രാന്തി ഉത്സവത്തിനെത്തുകയും ഇവിടുത്തെ ​ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തുകയും ചെയ്തിരുന്നു.

സംഘർഷത്തിനിടെ പള്ളിക്ക് സമീപമുണ്ടായിരുന്ന തന്റെ മകൻ ആലമിനെ പൊലീസ് വെടിവച്ചെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസി യാമിൻ സമർപ്പിച്ച പരാതിയിലായിരുന്നു ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ടത്. തന്റെ മകന്റെ ശരീരത്തിൽ മൂന്ന് വെടിയുണ്ടകൾ തുളച്ചുകയറിയെന്നായിരുന്നു യാമിൻ കോടതിയിൽ വ്യക്തമാക്കിയത്. മുതിർന്ന ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകാനുള്ള ഭയം കാരണമാണ് നേരത്തെ മുന്നോട്ടുവരാതിരുന്നതെന്നും എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നും ഇദ്ദേഹം ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.

2024 നവംബർ 24നായിരുന്നു സംഭൽ ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയ്ക്കെതിരെ പ്രതിഷേധിച്ച വിശ്വാസികൾക്ക് നേരെ പൊലീസ് വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു. സംഭവം നടക്കുമ്പോൾ സംഭലിലെ എസ്എച്ച്ഒ ആയിരുന്നു അനൂജ് ചൗധരി. സംഭലിലെ സിവിൽ ജഡ്ജി (സീനിയർ ഡിവിഷൻ) ആയിരുന്ന ആദിത്യ കുമാർ സിങ് ആയിരുന്നു പള്ളിയിൽ സർവേയ്ക്ക് ഉത്തരവിട്ടത്. ഷാഹി ജുമാ മസ്ജിദ് യഥാർഥത്തിൽ ഹരിഹർ ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് സമർപ്പിച്ച ഹരജി പരിഗണിച്ചായിരുന്നു ഉത്തരവ്. ഇതിനുശേഷം ആദിത്യ കുമാർ സിങ്ങിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.

അതേസമയം, സംഘർഷവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ പ്രദേശവാസികളായ 79 പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും സംഭൽ കോട്‌വാലി, നഖസ പൊലീസ് സ്റ്റേഷനുകളിലായി 12 എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. സമാജ്‌വാദി എംപി സിയാ-ഉർ-റഹ്മാൻ ബാർക്, എസ്പി എംഎൽഎ ഇഖ്ബാൽ മഹ്മൂദിന്റെ മകൻ സുഹൈൽ ഇഖ്ബാൽ എന്നിവരുൾപ്പെടെ 40 പേർക്കെതിരെയും തിരിച്ചറിയാത്ത 2,750 പേർക്കെതിരെയും എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ജൂൺ 18ന്, എംപി സിയാ-ഉർ-റഹ്മാൻ ബാർക്ക് ഉൾപ്പെടെ 23 പ്രതികൾക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) 1,128 പേജുള്ള കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. എന്നാൽ, സംഭവം നടക്കുമ്പോൾ താൻ നഗരത്തിന് പുറത്തായിരുന്നുവെന്നും തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസ് വ്യാജമാണെന്നും ഇത് പൊലീസിന്റെ ഗൂഢാലോചനയാണെന്നും എംപി സിയാ ഉർ റഹ്മാൻ എംപി ആരോപിച്ചിരുന്നു.




Similar Posts