< Back
India
Sambhal violence case: Chargesheet filed against SP MP Zia Ur Rehman Barq, 22 others
India

സംഭൽ സംഘർഷം: എസ്പി എംപി സിയാവുറഹ്മാൻ ബർഖ് ഉൾപ്പെടെ 22 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

Web Desk
|
20 Jun 2025 6:50 PM IST

പ്രകോപനപരമായ പ്രസംഗം നടത്തി ആൾക്കൂട്ടത്തെ സംഘർഷത്തിന് പ്രേരിപ്പിച്ചത് ബർഖ് ആണെന്നാണ് പൊലീസ് ആരോപിക്കുന്നത്.

ലഖ്‌നൗ: സംഭൽ ഷാഹി മസ്ജിദിലെ സർവേയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ഉത്തർപ്രദേശ് പൊലീസ് കുറ്റപത്രം സമർപ്പിച്ചു. സമാജ്‌വാദി പാർട്ടി എംപി സിയാവുറഹ്മാൻ ബർഖ് അടക്കം 23 പേരെ പ്രതികളാക്കിയാണ് കുറ്റപത്രം. പ്രകോപനപരമായ പ്രസംഗം നടത്തി ആൾക്കൂട്ടത്തെ സംഘർഷത്തിന് പ്രേരിപ്പിച്ചത് ബർഖ് ആണെന്നാണ് പൊലീസ് ആരോപിക്കുന്നത്.

ചില സാമൂഹ്യവിരുദ്ധർ, ക്രിമിനലുകൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവരാണ് നവംബർ 24ന് നടന്ന സംഘർഷത്തിന് പിന്നിൽ പ്രവർത്തിച്ചത്. പ്രകോപനപരമായ പ്രസംഗങ്ങളാണ് സംഘർഷത്തിലേക്ക് നയിച്ചത്. തീവെപ്പ്, കല്ലേറ്, പൊതു സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കൽ തുടങ്ങിയ അക്രമസംഭവങ്ങൾ ഉണ്ടായെന്നും പൊലീസ് കുറ്റപത്രത്തിൽ പറയുന്നു.

കഴിഞ്ഞ വർഷം നവംബർ 24ന് സംഭൽ ഷാഹി മസ്ജിദിൽ സർവേ നടത്തുന്നതിനെതിരെ നടത്തിയ പ്രതിഷേധമാണ് സംഘർഷത്തിൽ കലാശിച്ചത്. 1526ൽ ബാബർ നിർമിച്ച പള്ളി ക്ഷേത്രമായിരുന്നുവെന്ന് അവകാശപ്പെട്ട് നൽകിയ ഹരജിയിൽ വിചാരണക്കോടതിയാണ് സർവേ നടത്താൻ നിർദേശം നൽകിയത്. സംഘർഷത്തിനിടെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ച് മുസ്‌ലിം യുവാക്കൾ കൊല്ലപ്പെട്ടിരുന്നു.

രാഷ്ട്രീയ നേട്ടത്തിനായി ബർഖ് ആൾക്കൂട്ടത്തെ പ്രകോപിപ്പിച്ച് അക്രമത്തിലേക്ക് തള്ളിവിടുകയായിരുന്നു എന്നാണ് പൊലീസിന്റെ ആരോപണം. സംഘർഷമുണ്ടാകുന്നതിന്റെ ദിവസങ്ങൾക്ക് മുമ്പ് ബർഖ് അനുമതിയില്ലാതെ ഷാഹി മസ്ജിദ് സന്ദർശിച്ച് പ്രാർഥന നടത്തിയിരുന്നു. ഇതിനിടെയാണ് പ്രകോപനപരമായ പ്രസംഗം നടത്തിയതെന്നും പൊലീസ് കുറ്റപത്രത്തിൽ ആരോപിക്കുന്നു.

അതേസമയം തനിക്കെതിരായ ആരോപണങ്ങൾ ബർഖ് നിഷേധിച്ചു. സംഘർഷം നടക്കുമ്പോൾ താൻ ബംഗളൂരുവിലായിരുന്നു എന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും പൊലീസും യോഗി സർക്കാരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് തന്നെ പ്രതി ചേർത്തതെന്നും ബർഖ് പറഞ്ഞു.

Similar Posts