< Back
India
ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, കുറച്ച് കാലത്തേക്ക് ഞാനില്ല: മഹാരാഷ്ട്രയിൽ ഞെട്ടലായി റാവുത്തിന്റെ പ്രഖ്യാപനം

സഞ്ജയ് റാവുത്ത് Photo-PTI

India

'ആരോഗ്യ പ്രശ്‌നങ്ങളുണ്ട്, കുറച്ച് കാലത്തേക്ക് ഞാനില്ല': മഹാരാഷ്ട്രയിൽ ഞെട്ടലായി റാവുത്തിന്റെ പ്രഖ്യാപനം

Web Desk
|
2 Nov 2025 10:59 AM IST

2019 ഒക്ടോബർ-നവംബർ മാസങ്ങളിൽ മഹാവികാസ് അഘാഡി സഖ്യം രൂപീകരണത്തിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളിൽ ഒരാള്‍കൂടിയായരുന്നു റാവുത്ത്

മുംബൈ: ഉദ്ധവ് വിഭാഗം ശിവസേനയുടെ നാവായിരുന്ന സഞ്ജയ് റാവുത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് മഹാരാഷ്ട്രയിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്.

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അതിനാല്‍ രണ്ടുമാസത്തേക്ക് പൊതുരംഗത്തുനിന്ന് മാറിനില്‍ക്കുകയാണെന്നുമാണ് അദ്ദേഹം കഴിഞ്ഞദിവസം അറിയിച്ചിരുന്നത്. ആളുകളുമായി ഇടപഴകരുതെന്ന് ഡോക്ടര്‍മാര്‍ കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

തന്റെ ആരോഗ്യനിലയെക്കുറിച്ച് ഇങ്ങനെ പറഞ്ഞതല്ലാതെ എന്താണ് അസുഖമെന്നതിനെക്കുറിച്ച് ഒന്നും 63കാരനായ റാവുത്ത് വെളിപ്പെടുത്തിയിരുന്നില്ല. എന്നാല്‍, സഞ്ജയ് റാവുത്തിന്റെ അപ്രതീക്ഷിതമായ ഈ പ്രഖ്യാപനത്തിന് പിന്നാലെ ഇതുസംബന്ധിച്ച് പല ആശങ്കകളും ഉയരുന്നുണ്ട്.

ചികിത്സയ്ക്കായി നഗരം വിടേണ്ടതുണ്ടെന്നും ചികിത്സാകാലയളവില്‍ ആള്‍ക്കൂട്ടങ്ങളില്‍നിന്ന് മാറിനില്‍ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ടുമാസത്തിന് ശേഷം പുതുവര്‍ഷത്തിന് പൂര്‍ണ ആരോഗ്യവാനായി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

നാലുതവണ രാജ്യസഭാംഗവും പാര്‍ട്ടി മുഖപത്രമായ സാമ്‌നയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററുമായ റാവുത്ത്, പതിറ്റാണ്ടുകളായി പാർട്ടിയുടെ നിലപാട് മാധ്യമങ്ങളിൽ അവതരിപ്പിക്കുകയും യോഗങ്ങളിൽ താക്കറെ കുടുംബത്തെ പ്രതിനിധീകരിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. മഹാരാഷ്ട്രയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അപ്ഡേറ്റ് പാര്‍ട്ടിക്ക് ഞെട്ടലാണ്.

2019 ഒക്ടോബർ-നവംബർ മാസങ്ങളിൽ മഹാവികാസ് അഘാഡി സഖ്യം രൂപീകരണത്തിൽ ഉൾപ്പെട്ട പ്രധാന വ്യക്തികളിൽ ഒരാള്‍കൂടിയായരുന്നു റാവുത്ത്. മോദിക്കും അമിത് ഷായ്ക്കുമെതിരെ ഒരു മയവും കൂടാതെ അദ്ദേഹം വിമര്‍ശങ്ങള്‍ തൊടുക്കാറുമുണ്ട്.

Related Tags :
Similar Posts