< Back
India
നാല് വട്ടം കാൻസറിനെ തോൽപ്പിച്ചു; പട്ടിണിയോടും രോഗത്തോടും പൊരുതിയ സഞ്ജയ്ക്ക് സിവിൽ സ‍ർവീസ് പരീക്ഷയിൽ മിന്നും വിജയം
India

നാല് വട്ടം കാൻസറിനെ തോൽപ്പിച്ചു; പട്ടിണിയോടും രോഗത്തോടും പൊരുതിയ സഞ്ജയ്ക്ക് സിവിൽ സ‍ർവീസ് പരീക്ഷയിൽ മിന്നും വിജയം

ശരത് ഓങ്ങല്ലൂർ
|
7 March 2026 9:19 PM IST

2025-ലെ യുപിഎസ്‌സി പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ 946-ാം റാങ്കാണ് ഈ 37 കാരൻ സ്വന്തമാക്കിയത്

റായ്പൂർ: പ്രതിസന്ധികളെ മനക്കരുത്ത് കൊണ്ട് കീഴടക്കിയ ഛത്തീസ്ഗഢ് സ്വദേശി സഞ്ജയ് ഡെഹാരിയയുടെ ജീവിതം ഏതൊരാളും മാതൃകയാക്കണം. ചെറിയ പ്രതിസന്ധികളിൽ തളരുന്നവരോട് സഞ്ജയ്ക്ക് പറയാനുള്ളത് സ്വന്തം ജീവിതമാണ്. നാല് തവണയാണ് ക്യാൻസർ സഞ്ജയിനെ കീഴ്പ്പെടുത്താൻ ശ്രമിച്ചത്. ലക്ഷ്യത്തെ കുറിച്ച് കൃത്യമായി ബോധ്യമുണ്ടായിരുന്ന സഞ്ജയ് ഓരോ തവണയും വർധിത വീര്യത്തോടെ തിരിച്ചുവന്നു. 2025-ലെ യുപിഎസ്‌സി പരീക്ഷഫലം പ്രഖ്യാപിച്ചപ്പോൾ 946-ാം റാങ്കാണ് ഈ 37 കാരൻ സ്വന്തമാക്കിയത്.

മഹാസമുന്ദ് ജില്ലയിലെ ഒരു സാധാരണ കർഷക കുടുംബത്തിലാണ് സഞ്ജയ് ജനിച്ചത്. നാല് മക്കളിൽ ഇളയവനായ സഞ്ജയിൻ്റെ കുട്ടിക്കാലം കടുത്ത ദാരിദ്ര്യത്തിലായിരുന്നു. പലപ്പോഴും അമ്മ പട്ടിണി കിടന്നാണ് തങ്ങളെ ഊട്ടിയിരുന്നതെന്ന് സഞ്ജയ് ഓർക്കുന്നു. പഠനത്തിൽ മിടുക്കനായിരുന്നു, ബിരുദ പഠനത്തിന്റെ അവസാന വർഷത്തിലാണ് കാൻസ‍ർ ആദ്യമായി സ്ഥിരീകരിച്ചത്. താടിയെല്ലിന് പിന്നിലുള്ള ഉമിനീർ ഗ്രന്ഥികളെ ബാധിക്കുന്ന പരോട്ടിഡ് ഗ്ലാൻഡ് ക്യാൻസറാണ് (Parotid gland cancer) സഞ്ജയിനെ ബാധിച്ചത്. 2012 നും 2018 നും ഇടയിൽ നാല് തവണയാണ് രോ​ഗം വീണ്ടും ആക്രമിച്ചത്. മുംബൈയിലെ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിൽ തീവ്രമായ ചികിത്സയുടെ അവസാനം ശസ്ത്രക്രിയയിലൂടെ ഗ്രന്ഥി നീക്കം ചെയ്യേണ്ടി വന്നു.

രോഗത്തോടുള്ള പോരാട്ടത്തിൽ ജീവിതത്തിലെ വിലപ്പെട്ട 8 വർഷങ്ങളാണ് സഞ്ജയ്ക്ക് നഷ്ടമായത്. രോഗം ഭേദമായ ശേഷം 2022-ലാണ് തന്റെ സിവിൽ സ‍ർവീസ് സ്വപ്നം പൊടിതട്ടിയെടുക്കാൻ സഞ്ജയ് തീരുമാനിക്കുന്നത്. തന്റെ മൂന്നാം ശ്രമത്തിലാണ് അദ്ദേഹം ഈ വിജയം സ്വന്തമാക്കിയത്. റായ്പൂരിലെ നളന്ദ പരിസർ ലൈബ്രറിയിൽ ഇരുന്നായിരുന്നു പഠനം. ദിവസവും 10 മുതൽ 12 മണിക്കൂർ വരെ കഠിനാധ്വാനം ചെയ്തു. കുടുംബത്തിന് ഭാരമാകാതിരിക്കാൻ ഇടക്കാലത്ത് വിവിധ സർക്കാർ ജോലികൾ അദ്ദേഹം ചെയ്തിരുന്നു.

നിലവിലെ റാങ്ക് അനുസരിച്ച് സഞ്ജയിന് ഇന്ത്യൻ റവന്യൂ സർവീസിൽ നിയമനം ലഭിക്കാനാണ് സാധ്യത. എങ്കിലും ഐഎഎസ് അല്ലെങ്കിൽ ഐപിഎസ് ലഭിക്കുമോയെന്ന പ്രതീക്ഷയും സഞ്ജയ് പങ്കുവെക്കുന്നുണ്ട്. ഏത് സർവീസിൽ എത്തിയാലും തന്റെ മുൻഗണന രാജ്യത്തെ ആരോഗ്യ-വിദ്യാഭ്യാസ മേഖലകളുടെ പുരോഗതിക്കായിരിക്കുമെന്ന് സഞ്ജയ് പറയുന്നു.

Similar Posts