< Back
India
സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്ക് എസ്ബിഐ ഉയർത്തി
India

സ്ഥിരനിക്ഷേപത്തിന്റെ പലിശനിരക്ക് എസ്ബിഐ ഉയർത്തി

Web Desk
|
20 July 2022 6:09 PM IST

അര ശതമാനത്തിന്റെ വർധന ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വന്നതായി എസ്ബിഐ അറിയിച്ചു

ഡൽഹി: ഒരു വർഷമോ രണ്ടുവർഷത്തിൽ താഴെയോ കാലാവധിയുള്ള സ്ഥിരനിക്ഷേപ പദ്ധതിയുടെ പലിശ നിരക്ക് പൊതുമേഖല ബാങ്കായ എസ്ബിഐ വർധിപ്പിച്ചു. രണ്ടു കോടിയോ അതിൽ കൂടുതലോ നിക്ഷേപം നടത്തുന്ന ടേം ഡെപ്പോസിറ്റുകൾക്ക് മാത്രമാണ് ഇത് ബാധകം. അര ശതമാനത്തിന്റെ വർധന ഈ മാസം 15 മുതൽ പ്രാബല്യത്തിൽ വന്നതായി എസ്ബിഐ അറിയിച്ചു.

പണപ്പെരുപ്പനിരക്ക് പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് മുഖ്യ പലിശനിരക്ക് ഉയർത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് തെരഞ്ഞെടുക്കപ്പെട്ട സ്ഥിര നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് വർധിപ്പിച്ചത്. പലിശനിരക്ക് 4.75 ശതമാനത്തിൽ നിന്ന് 5.25 ശതമാനമായി ഉയർത്തി. മുതിർന്ന പൗരന്മാർക്കും ആനുപാതികമായ വർധന ലഭിക്കും. അവർക്ക് ഈ നിക്ഷേപ പദ്ധതിക്ക് 5.75 ശതമാനം പലിശയാണ് ലഭിക്കുക.

പുതിയ നിക്ഷേപങ്ങൾക്കും കാലാവധി തീർന്നതിനെ തുടർന്ന് പുതുക്കുന്ന നിക്ഷേപങ്ങൾക്കും പുതിയ പലിശനിരക്ക് ലഭിക്കും. മറ്റു നിക്ഷേപ പദ്ധതികളുടെ പലിശനിരക്കിൽ മാറ്റമില്ല. മൂന്ന് വർഷം മുതൽ അഞ്ചുവർഷം വരെ കാലാവധിയുള്ള നിക്ഷേപ പദ്ധതികളുടെ പലിശനിരക്ക് 4.50 ശതമാനമാണ്. അഞ്ചുമുതൽ പത്തുവർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങളുടെ പലിശനിരക്കും സമാനമായ നിലയാണ്.

Related Tags :
Similar Posts