< Back
India
വിദ്വേഷ പ്രസംഗം; ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിംകോടതി
India

വിദ്വേഷ പ്രസംഗം; ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണം ഉപേക്ഷിച്ച് സുപ്രിംകോടതി

Web Desk
|
9 Jun 2025 12:02 PM IST

രാജ്യസഭാ സെക്രട്ടറിയേറ്റിൻ്റെ കത്തിനെ തുടർന്നാണ് പിന്മാറ്റം

ന്യൂഡൽഹി: വിദ്വേഷ പ്രസംഗ കേസിൽ അലഹബാദ് ഹൈക്കോടതിയിലെ ജഡ്ജി ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെതിരായ അന്വേഷണത്തിൽ നിന്ന് സുപ്രിംകോടതി പിൻവാങ്ങിയതായി റിപ്പോർട്ട്. രാജ്യസഭാ സെക്രട്ടറിയേറ്റിൻ്റെ കത്തിനെ തുടർന്നാണ് പിന്മാറ്റം. അന്വേഷണസമിതി രുപീകരിക്കാനുള്ള അധികാരം പാർലമെൻ്റിനാണെന്നാണ് കത്തിലെ വാദം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ എട്ടിന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച പരിപാടിയിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിദ്വേഷ പ്രസംഗം നടത്തിയത്. ഭൂരിപക്ഷത്തിന്‍റെ ആഗ്രഹപ്രകാരം ഇന്ത്യ ഭരിക്കപ്പെടുമെന്നായിരുന്നു ജഡ്ജിയുടെ പരാമർശം. ഏകസിവിൽകോഡ് നടപ്പിലാക്കുമെന്നും ജഡ്ജി പറഞ്ഞു.

ഏക സിവിൽ കോഡ് സംബന്ധിച്ച പരിപാടിയിലായിരുന്നു ജഡ്ജിയുടെ പരാമർശം. ഇതിന് പിന്നാലെ നിരവധി സംഘടനകൾ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതുകയും രാഷ്ട്രപതിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന്, യാദവിന്‍റെ പ്രസംഗം മാധ്യമ വാർത്തകളിലൂടെ ശ്രദ്ധയിൽപ്പെട്ടതിന്‍റെ അടിസ്ഥാനത്തിൽ അലഹബാദ് ഹൈക്കോടതിയോട് സുപ്രിംകോടതി വിശദീകരണം തേടിയിരുന്നു. റിപ്പോര്‍ട്ട് ജസ്റ്റിസ് യാദവിന് എതിരായിരുന്നതിനാല്‍ സുപ്രീം കോടതിയുടെ ആഭ്യന്തര അന്വേഷണത്തിന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന തീരുമാനിക്കുക ആയിരുന്നു.

എന്നാല്‍ ജഡ്ജിമാര്‍ക്ക് എതിരെ നടപടി എടുക്കാനുള്ള അധികാരം രാജ്യസഭാ ചെയര്‍മാനും, പാര്‍ലമെന്റിനും മാത്രമേ ഉള്ളു എന്ന് വ്യക്തമാക്കി രാജ്യസഭാ സെക്രട്ടറിയേറ്റ് സുപ്രിംകോടതിക്ക് കത്ത് നല്‍കിയിരുന്നു. മാര്‍ച്ച് മാസമാണ് ഈ കത്ത് സുപ്രിംകോടതി സെക്രട്ടറി ജനറലിന് ലഭിച്ചത്. തുടര്‍ന്നാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന് എതിരായ ആഭ്യന്തര അന്വേഷണത്തിനുള്ള നടപടികള്‍ സുപ്രിംകോടതി ഉപേക്ഷിച്ചത്.

Similar Posts