< Back
India
ബംഗാളിൽ എസ്ഐആര്‍ നടപടികൾ ജഡ്ജിമാരുടെ മേൽനോട്ടത്തിൽ നടത്തണം: സുപ്രിംകോടതി
India

'ബംഗാളിൽ എസ്ഐആര്‍ നടപടികൾ ജഡ്ജിമാരുടെ മേൽനോട്ടത്തിൽ നടത്തണം': സുപ്രിംകോടതി

റിഷാദ് അലി
|
20 Feb 2026 8:56 PM IST

ബംഗാൾ എസ്ഐആർ സംബന്ധിച്ച് സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.

ന്യൂഡൽഹി: പശ്ചിമബംഗാളിലെ എസ്ഐആര്‍ നടപടികൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ജുഡീഷ്യൽ ഓഫീസർമാരായി ജഡ്ജിമാരെ നിയമിക്കാൻ ഉത്തരവിട്ട് സുപ്രിംകോടതി. സർവീസിലുള്ളതോ വിരമിച്ചതോ ആയ അഡീഷണൽ ഡിസ്ട്രിക്റ്റ് ജഡ്ജിമാരെ നിയമിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടത്.

ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് അവകാശവാദങ്ങളും എതിർപ്പുകളും പരിശോധിക്കാമെന്നും സുപ്രിംകോടതി അറിയിച്ചു. ബംഗാൾ സർക്കാരും ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള വിശ്വാസക്കുറവ് ചൂണ്ടിക്കാട്ടിയ കോടതി, കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കും ഉദ്യോഗസ്ഥരെ നിയമിക്കുക എന്ന് വ്യക്തമാക്കി. മറ്റ് മാർഗങ്ങളില്ലാത്തതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും വിശ്വാസ്യതയും സംരക്ഷിക്കുന്നതിന് കോടതിയുടെ ഇടപെടൽ അനിവാര്യമായ സാഹചര്യമാണ് നിലവിലുള്ളതെന്നും ബെഞ്ച് നിരീക്ഷിച്ചു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ, ചീഫ് സെക്രട്ടറി, പൊലീസ് മേധാവി, മറ്റു ഉന്നത ഉദ്യോഗസ്ഥർ എന്നിവരോട് ശനിയാഴ്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്താൻ സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്.

ബംഗാൾ എസ്ഐആർ സംബന്ധിച്ച് സംസ്ഥാന സർക്കാരും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍. വിഷയത്തില്‍ ഫെബ്രുവരി 4ന് നടന്ന സുപ്രിംകോടതി വാദത്തിൽ തൃണമൂൽ കോൺഗ്രസ് അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനർജി നേരിട്ട് ഹാജരായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി ഇടപെടുന്നുവെന്നും യോഗ്യരായ പലരെയും വെട്ടിമാറ്റുന്നുവെന്നുമാണ് തൃണമൂലിന്റെ ആരോപണം.

Similar Posts