< Back
India
1996ലെ ലഹരിമരുന്ന് പിടികൂടിയ കേസ്: ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം തള്ളി സുപ്രിംകോടതി
India

1996ലെ ലഹരിമരുന്ന് പിടികൂടിയ കേസ്: ശിക്ഷ റദ്ദാക്കണമെന്ന സഞ്ജീവ് ഭട്ടിന്റെ ആവശ്യം തള്ളി സുപ്രിംകോടതി

Web Desk
|
11 Dec 2025 1:42 PM IST

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ടിനെതിരായ കേസുകൾ സർക്കാർ സജീവമാക്കിയത്

ന്യൂഡൽഹി: 1996ൽ ലഹരിമരുന്ന് പിടികൂടിയ കേസിലെ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഐപിഎസ് ഓഫീസർ സഞ്ജീവ് ഭട്ട് സമർപ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട സഞ്ജീവ് ഭട്ട് നിലവിൽ ജയിലിൽ കഴിയുകയാണ്. ജസ്റ്റിസുമാരായ ജെ.കെ മഹേശ്വരി, വിജയ് ബിഷ്ണോയ് എന്നിവരുടെ ബെഞ്ച് വിഷയം പരിഗണിക്കാൻ താത്പര്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

1996ൽ സഞ്ജീവ് ഭട്ട് ബസ്‌ക്കന്ധ എസ്പി ആയിരിക്കുമ്പോൾ നടന്ന സംഭവത്തിലാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. രാജസ്ഥാനിലെ അഭിഭാഷകനായ സുമേർസിങ് രാജ്പുരോഹിതിനെ മയക്കുമരുന്ന് കേസിൽപ്പെടുത്തിയെന്നാണ് കേസ്. പാലൻപൂരിൽ അഭിഭാഷകൻ താമസിച്ച മുറിയിൽ 1.15 കിലോ കറുപ്പ് ഒളിപ്പിച്ചുവെച്ച ശേഷം അറസ്റ്റ് ചെയ്തുവെന്നാണ് ആരോപണം.

പാലിയിലെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ബനസ്‌കന്ധ പൊലീസ് അഭിഭാഷകനെ വ്യാജ കേസിൽ കുടുക്കുകയായിരുന്നു എന്ന് രാജസ്ഥാൻ പൊലീസ് പിന്നീട് പറഞ്ഞിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുൻ പൊലീസ് ഇൻസ്‌പെക്ടറായ ഐ.ബി വ്യാസ് 1999ൽ ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. 2018 സെപ്റ്റംബറിലാണ് ഭട്ടിനെ എൻഡിപിഎസ് ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.

28 വർഷം പഴക്കമുള്ള മയക്കുമരുന്ന് കേസിലെ വിചാരണ മറ്റൊരു സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സഞ്ജീവ് ഭട്ട് കഴിഞ്ഞ വർഷം സുപ്രിംകോടതിയെ സമീപിച്ചിരുന്നു. കോടതി നടപടികൾ രേഖപ്പെടുത്താൻ നിർദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഹരജി തള്ളിയ സുപ്രിംകോടതി വിചാരണ നടത്തുന്ന കീഴ്‌ക്കോടതി ജഡ്ജിക്കെതിരെ പക്ഷപാതം ആരോപിച്ചതിന് മൂന്ന് ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു.

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയതോടെയാണ് സഞ്ജീവ് ഭട്ടിനെതിരായ കേസുകൾ സർക്കാർ സജീവമാക്കിയത്. 20 വർഷത്തിന് ശേഷമാണ് മയക്കുമരുന്ന് കേസിൽ ഗുജറാത്ത് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. ഹരജിക്കാരനായ പൊലീസ് ഇൻസ്‌പെക്ടർ ഐ.ബി വ്യാസ് ആദ്യം പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്നു. പിന്നീട് ഭട്ടിനെതിരെ മൊഴിനൽകി മാപ്പുസാക്ഷിയായി.

Similar Posts