< Back
India
Shashi Tharoor
India

പ്രധാനമന്ത്രിക്കെതിരായ പരാമർശം; ശശി തരൂരിനെതിരെയുള്ള കേസ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

Web Desk
|
10 Sept 2024 4:35 PM IST

ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് തരൂർ സുപ്രിം കോടതിയെ സമീപിച്ചത്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമർശത്തിൽ, കോൺഗ്രസ് എംപി ശശി തരൂരിനെതിരായ കേസ് സുപ്രിം കോടതി സ്റ്റേ ചെയ്തു. ബിജെപി നേതാവ് നൽകിയ ക്രിമിനൽ മാനനഷ്ടക്കേസിൻ്റെ നടപടികളാണ് കോടതി സ്റ്റേ ചെയ്തത്. നടപടികൾ റദ്ദാക്കണമെന്ന തൻ്റെ ഹരജി തള്ളിക്കൊണ്ടുള്ള ഡൽഹി ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്താണ് തരൂർ സുപ്രിം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് നോട്ടീസ് പുറപ്പെടുവിക്കുകയും നടപടികൾ സ്റ്റേ ചെയ്യുകയും ചെയ്തത്.

2018 ഒക്ടേബർ 28ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് ശശി തരൂർ വിവാദ പരാമർശം നടത്തിയത്. മോദി ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണെന്നും അതിനെ അടിച്ചു കൊല്ലാനോ എടുത്തുകളയാനോ കഴിയില്ലെന്നും ഒരു ആർ.എസ്.എസ് നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു തരൂരിന്റെ പരാമർശം. 2012ൽ കാരവൻ മാഗസിൻ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിൽ നിന്ന് ഉദ്ധരിക്കുക മാത്രമാണ് തരൂർ ചെയ്തതെന്ന് അദ്ദേഹ​ത്തിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുഹമ്മദ് അലി ഖാൻ കോടതിയെ അറിയിച്ചു.

നടപടികൾ റദ്ദാക്കുന്നതിന് യാതൊരു കാരണവുമില്ലെന്നും വിചാരണ കോടതി നടപടികൾ തുടരുന്നത് ഉചിതമാണെന്നുമായിരുന്നു ആ​ഗസ്തിൽ തരൂരിൻ്റെ ഹർജി തള്ളിക്കൊണ്ട് ഡൽഹി ഹൈക്കോടതി പറഞ്ഞത്. തരൂരിൻറെ പ്രസ്താവന വിശ്വാസത്തെ ഹനിക്കുന്നതാണെന്ന് കാണിച്ച് രാജീവ് ബബ്ബർ ആയിരുന്നു പരാതി നൽകിയത്.

Similar Posts