< Back
India
കർണാടകയിൽ ഇന്നും സ്‌കൂളുകളില്‍ നിർബന്ധിച്ച് ഹിജാബ് അഴിപ്പിച്ചു; വഴങ്ങാത്തവരെ തിരിച്ചയച്ചു
India

കർണാടകയിൽ ഇന്നും സ്‌കൂളുകളില്‍ നിർബന്ധിച്ച് ഹിജാബ് അഴിപ്പിച്ചു; വഴങ്ങാത്തവരെ തിരിച്ചയച്ചു

Web Desk
|
14 Feb 2022 3:07 PM IST

ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്‌കൂളിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പരീക്ഷാഹാളിൽനിന്ന് പുറത്താക്കി

കർണാടകയിൽ ഹിജാബ് വിലക്ക് കൂടുതൽ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് വ്യാപിക്കുന്നു. ഇടവേളയ്ക്കുശേഷം ഇന്ന് തുറന്ന സ്‌കൂളുകളിലെത്തിയ വിദ്യാർത്ഥികളെക്കൊണ്ട് അധികൃതർ ശിരോവസ്ത്രം നിർബന്ധിച്ച് അഴിപ്പിച്ചു. വഴങ്ങാത്തവരെ തിരിച്ചയയ്ക്കുകയും ചെയ്തു.

മാണ്ഡ്യയിലെ ഒരു സർക്കാർ സ്‌കൂളിൽ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികളെ ഗേറ്റിനു പുറത്ത് പ്രധാനാധ്യാപിക തടയുന്നതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തുവിട്ടു. വിദ്യാർത്ഥിനികളുടെ രക്ഷിതാക്കളുമായി ഏറെനേരം വാക്കേറ്റമുണ്ടായെങ്കിലും സ്‌കൂൾ അധികൃതർ വഴങ്ങിയില്ല. ഒടുവിൽ ഹിജാബ് അഴിച്ചാണ് വിദ്യാർത്ഥിനികൾ ക്ലാസിലെത്തിയത്.

വിവാദങ്ങൾക്ക് തുടക്കം കുറിച്ച ഉഡുപ്പി ജില്ലയിലും ഇന്ന് സർക്കാർ സ്‌കൂളുകളിൽ ഹിജാബ് ധരിക്കുന്നത് തടഞ്ഞു. ഇവിടെ ഒരു സർക്കാർ സ്‌കൂളിൽ ഒൻപതാം ക്ലാസുകാരികൾക്ക് ഹിജാബ് ധരിച്ചതിന്റെ പേരിൽ ക്ലാസിൽ വിലക്കേർപ്പെടുത്തി. ഒടുവിൽ ശിരോവസ്ത്രം അഴിച്ചാണ് ഇവരും ക്ലാസിൽ പ്രവേശിച്ചത്. ഷിമോഗയിൽ 10, ഒൻപത്, എട്ട് തരക്കാരായ 13 വിദ്യാർത്ഥികളെ ഹിജാബ് അഴിക്കാൻ കൂട്ടാക്കാത്തതിനെ തുടർന്ന് വീട്ടിലേക്ക് തിരിച്ചയച്ചു.

ഹിജാബ് വിവാദങ്ങൾക്കിടെയാണ് ഇന്ന് കർണാടകയിലെ സ്‌കൂളുകൾ വീണ്ടും തുറന്നത്. പത്താംതരം വരെയുള്ളവർക്ക് മാത്രമായിരുന്നു ഇന്ന് ഓഫ്‌ലൈൻ ക്ലാസുണ്ടായിരുന്നത്. കോവിഡ് വ്യാപനത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി സ്‌കൂളുകൾ അടച്ചിരുന്നു. 11, 12 ക്ലാസുകൾ ബുധനാഴ്ചയാണ് തുറക്കുന്നത്.

പരീക്ഷാഹാളിലും വിദ്യാർത്ഥിനികളെ തടഞ്ഞു

കർണാടകയിലെ ഷിമോഗ ജില്ലയിലെ മൗലാന ആസാദ് സ്‌കൂളിൽ ഹിജാബ് ധരിച്ച് സ്‌കൂളിലെത്തിയ വിദ്യാർഥികളെ പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ ക്ലാസിൽനിന്ന് പുറത്താക്കി. 13 എസ്എസ്എൽസി വിദ്യാർഥിനികളെയാണ് പുറത്താക്കിയത്. ഇതിൽ പ്രതിഷേധിച്ച് വിദ്യാർഥിനികൾ പരീക്ഷ ബഹിഷ്‌കരിച്ചു.

ഇതിനിടെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിൽ ഉഡുപ്പിയിൽ ഒരാഴ്ച നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്‌കൂളുകളുടെ പരിസരത്ത് 200 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം. ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥിനികളെ കോളജിൽ പ്രവേശിപ്പിക്കാതിരുന്നതോടെയാണ് പ്രതിഷേധം തുടങ്ങിയത്. പിന്നാലെ കൂടുതൽ കോളജുകൾ ഹിജാബിന് നിയന്ത്രണം ഏർപ്പെടുത്തി. ഇതോടെ വിഷയം കോടതിയുടെ പരിഗണനയിലെത്തി. ഹിജാബ് കേസിൽ തീരുമാനമെടുക്കുന്നത് വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്ന് കർണാടക ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശിച്ചിരുന്നു. ഇതിനെതിരെ ഒരു വിദ്യാർഥിനി സുപ്രീംകോടതിയെ സമീപിച്ചു.

കൂടാതെ യൂത്ത് കോൺഗ്രസ് പ്രസിഡൻറ് ബിവി ശ്രീനിവാസും ഒരു മാധ്യമ വിദ്യാർഥിയും കൂടി സുപ്രിംകോടതിയെ സമീപിച്ചു. ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാവാനിടയുള്ള കേസാണിതെന്നും വിദ്യാർഥിനികൾ വർഷങ്ങളായി ഹിജാബ് ധരിക്കുന്നുണ്ടെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ വാദിച്ചു. കർണാടക ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനാൽ ഉചിതമായ സമയത്ത് പരിഗണിക്കാമെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വിഷയം ദേശീയതലത്തിൽ ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും കോടതി പറഞ്ഞു. ഹിജാബ് നിയന്ത്രണം ചോദ്യംചെയ്ത് വിദ്യാർഥികൾ സമർപ്പിച്ച ഹരജിയിൽ കർണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിൽ ഇന്ന് വാദം തുടരും.

Summary: School authorities forced students to remove hijab in more schools in Karnataka. Those who did not agree were sent back

Related Tags :
Similar Posts