< Back
India
50 ശതമാനം ഹാജരോടെ സ്കൂളുകളും കോളജുകളും തുറക്കാനൊരുങ്ങി ബിഹാര്‍
India

50 ശതമാനം ഹാജരോടെ സ്കൂളുകളും കോളജുകളും തുറക്കാനൊരുങ്ങി ബിഹാര്‍

Web Desk
|
5 July 2021 3:34 PM IST

അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പതിനെട്ടു വയസിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ നല്‍കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി നിതിഷ് കുമാര്‍ അറിയിച്ചു.

ബിഹാറില്‍ കോവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ സ്കൂളുകളും കോളജുകളും തുറക്കാന്‍ തീരുമാനം. സംസ്ഥാനത്തെ സ്കൂളുകളും കോളജുകളും 50 ശതമാനം ഹാജരോടെ തുറക്കുമെന്ന് മുഖ്യമന്ത്രി നിതിഷ് കുമാര്‍ അറിയിച്ചു. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പതിനെട്ടു വയസിനു മുകളിലുള്ള വിദ്യാര്‍ഥികള്‍ക്കും വാക്സിന്‍ നല്‍കാനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്കൊപ്പം ഓണ്‍ലൈന്‍ ക്ലാസുകളും തുടരും. അതേസമയം, ട്യൂഷന്‍ സെന്‍ററുകള്‍ക്ക് പ്രവര്‍ത്തനാനുമതിയില്ല. കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായപ്പോഴാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ബിഹാര്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇക്കാലയളവില്‍ പരീക്ഷകള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ടായിരുന്നു.

സംസ്ഥാനത്ത് സര്‍ക്കാര്‍-സ്വകാര്യ ഓഫീസുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. വാക്സിന്‍ സ്വീകരിച്ച എല്ലാവര്‍ക്കും ജോലിക്കെത്താമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ആന്ധ്രാപ്രദേശ് സര്‍ക്കാരും നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ജിം, റസ്റ്റോറന്‍റുകള്‍, തിയേറ്റര്‍ എന്നിവ ജൂലായ് എട്ടുമുതല്‍ തുറക്കാനാണ് അനുമതി.

Related Tags :
Similar Posts