< Back
India
ശകാരിക്കുന്നത് ആത്മഹത്യ പ്രേരണയായി കരുതാന്‍ കഴിയില്ല അധ്യാപകനെ വെറുതെ വിട്ട് സുപ്രീം കോടതി
India

''ശകാരിക്കുന്നത് ആത്മഹത്യ പ്രേരണയായി കരുതാന്‍ കഴിയില്ല'' അധ്യാപകനെ വെറുതെ വിട്ട് സുപ്രീം കോടതി

Web Desk
|
1 Jun 2025 3:23 PM IST

മറ്റൊരു വിദ്യാര്‍ഥിയുടെ പരാതിയിലായിരുന്നു ഹോസ്റ്റലിന്റെ ചുമതലയുള്ള അധ്യാപകന്‍ വിദ്യാര്‍ഥിയെ ശകാരിച്ചത്

ന്യൂഡല്‍ഹി: ചീത്ത വിളിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്‌തെന്ന കേസില്‍ അധ്യാപകനെ സുപ്രീം കോടതി വെറുതെവിട്ടു. സ്‌കൂളിന്റെയും കോളേജിന്റെയും ചുമതലയുള്ള അധ്യാപകനാണ്‌ മറ്റൊരു വിദ്യാര്‍ഥിയുടെ പരാതിയില്‍ വിദ്യാര്‍ഥിയെ ശകാരിച്ചത്. ഈ സംഭവത്തിന് ശേഷമാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത്. ചീത്തവിളിച്ചതില്‍ മനംനൊന്താണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്‌തെന്നായിരുന്നു ഉയര്‍ന്നുവന്ന ആരോപണം. ശകാരിച്ചതിന്റെ പേരില്‍ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുമെന്ന് പ്രതി ചേര്‍ക്കപ്പെട്ട വ്യക്തി ഒരിക്കലും കരുതിയിട്ടുണ്ടാവില്ലെന്ന് വിലയിരുത്തിയാണ് കോടതി അധ്യാപകനെ വെറുതെ വിട്ടത്.

ചീത്ത പറഞ്ഞതിന്റെ പേരില്‍ ഇത്രയും വലിയ ദുരന്തം സംഭവിക്കുമെന്ന് ഒരു സാധാരണക്കാരനും സങ്കല്‍പ്പിച്ചിട്ടുണ്ടാകില്ലെന്ന് ജസ്റ്റിസുമാരായ അഹ്‌സാനുദ്ദീന്‍ അമാനുല്ല, പ്രശാന്ത് കുമാര്‍ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 306 പ്രകാരം ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ധാക്കിയത്.

വിദ്യാര്‍ഥിയുടെ പരാതിയിലാണ് മരിച്ച കുട്ടിയെ ശകാരിച്ചതെന്നും ഒരാളുടെ പരാതിയില്‍ ചീത്തവിളിക്കുന്നത് വളരെ നിസാരമായ പ്രശ്‌നപരിഹാര നടപടിയാണെന്നും ബെഞ്ച് വിലയിരുത്തി. കുറ്റാരോപിതന്‍ തെറ്റ് ചെയ്തതായി ആരോപിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. തന്റെ മറുപടി ന്യായമാണെന്നും വിദ്യാര്‍ത്ഥി കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കാനും ഹോസ്റ്റലില്‍ സമാധാനവും സ്വസ്ഥതയും നിലനിര്‍ത്താനുമാണ് ഒരു രക്ഷിതാവെന്ന നിലയില്‍ വിദ്യാര്‍ഥിയെ ചീത്തവിളിച്ചതെന്ന് അഭിഭാഷകന്‍ മുഖേന കുറ്റാരോപിതന്‍ കോടതിയെ ബോധ്യപ്പെടുത്തി. മരിച്ച കുട്ടിയുമായി വ്യക്തിപരമായി തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും അധ്യാപകന്‍ കോടതിയെ അറിയിച്ചു.

Similar Posts