< Back
India
Scooter Costs A Lakh Rider FinedRs 20 Lakh in UP

Photo| Special Arrangement

India

ഹെൽമറ്റ് ധരിക്കാത്തതിന് യുപിയിൽ സ്കൂട്ടർ യാത്രികന് 20.74 ലക്ഷം രൂപ പിഴ! പൊലീസ് വാദം ബഹുരസം...

Web Desk
|
8 Nov 2025 7:49 PM IST

വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവിന്റെ കണ്ണുതള്ളി.

ലഖ്നൗ: ഹെൽമറ്റ് ധരിക്കാത്തതിന് സ്കൂട്ടർ ഉടമയ്ക്ക് പിഴ കിട്ടിയത് അഞ്ഞൂറോ ആയിരമോ പതിനായിരമോ അല്ല, 20 ലക്ഷത്തിലേറെ രൂപ! വെറും ഒരു ലക്ഷം രൂപ മാത്രം വിലയുള്ള സ്കൂട്ടറിന് ലഭിച്ച പിഴ കണ്ട് യുവാവിന്റെ കണ്ണുതള്ളി. ഉത്തർപ്രദേശിലെ മുസഫർന​ഗറിലാണ് സംഭവം. ചലാന്റെ ചിത്രം സോഷ്യൽമീഡിയയിൽ വൈറലാണ്.

അൻമോൽ സിൻഘാൽ എന്ന യുവാവിനാ ണ് ഞെട്ടിക്കുന്ന പിഴ കിട്ടിയത്. ചൊവ്വാഴ്ച ന്യൂ മണ്ഡി ഏരിയയിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ്, ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിച്ച സിൻഘാലിനെ ട്രാഫിക് പൊലീസ് തടഞ്ഞത്. ആവശ്യമായ മറ്റ് രേഖകളും യുവാവിന്റെ കൈവശമുണ്ടായിരുന്നില്ല.

ഇതോടെ സ്കൂട്ടർ പിടിച്ചെടുത്ത പൊലീസുകാർ പിഴ ചുമത്തുകയായിരുന്നു. ചലാൻ കിട്ടിയപ്പോൾ പിഴത്തുക- 20,74,000 രൂപ... ഇതോടെ, ചലാൻ്റെ ഫോട്ടോ യുവാവ് സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തു. പണി പാളിയെന്ന് മനസിലായ പൊലീസുകാർ ഉടൻ വിശദീകരണവുമായി രം​ഗത്തെത്തുകയും പിഴത്തുക 4000 രൂപയാക്കി കുറയ്ക്കുകയും ചെയ്തു.

വാഹനം പരിശോധിച്ച ഉദ്യോ​ഗസ്ഥൻ വകുപ്പും തുകയും ചേർത്തപ്പോൾ ഒരുമിച്ചായതാണെന്നാണ് പൊലീസ് വാദം. ചലാൻ നൽകിയ സബ് ഇൻസ്പെക്ടറുടെ അശ്രദ്ധ മൂലമാണ് ഇത്തരമൊരു പിശക് സംഭവിച്ചതെന്ന് മുസഫർനഗർ പൊലീസ് സൂപ്രണ്ട് (ട്രാഫിക്) അതുൽ ചൗബെ അവകാശപ്പെട്ടു. യുവാവിനെതിരെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 207 പ്രകാരമാണ് നടപടി സ്വീകരിച്ചത്. എന്നാൽ സബ് ഇൻസ്പെക്ടർ 207ന് ശേഷം 'എംവി ആക്ട്' എന്ന് ചേർക്കാൻ മറന്നു- എസ്പി പറഞ്ഞു.

'അങ്ങനെയാണ്, 207ഉം ആ വകുപ്പിലെ ഏറ്റവും കുറഞ്ഞ പിഴത്തുകയായ 4,000 രൂപയും ഒരുമിച്ച് 20,74,000 രൂപ എന്ന് ചലാനിൽ വന്നത്. യുവാവ് 4,000 രൂപ പിഴ മാത്രം അടച്ചാൽ മതി'- എസ്പി ചൗബെ വിശദമാക്കി.

അതേസമയം, പിഴയുടെ കാരണങ്ങൾ വ്യക്തമാക്കുന്ന കോളത്തിൽ ഏതൊക്കെ വകുപ്പുകളാണ് നടപടിക്ക് ആധാരമെന്ന് പൊലീസ് പറയുന്നുണ്ട്. എന്നാൽ ഇതിൽ 207 എന്നൊരു വകുപ്പില്ല. 194ഡി, 129, 194 സി എന്നീ വകുപ്പുകളും 121ാം ചട്ടവുമാണ് ചലാനിൽ പറയുന്നത്. അതിനു ശേഷമുള്ള കോളത്തിലാണ് പിഴത്തുക രേഖപ്പെടുത്തിയിരിക്കുന്നത്.

Similar Posts