
കമാന്‍ഡന്‍റിന്‍റെ വീട്ടിലെ പേരയ്ക്ക പൊട്ടിച്ചതിന് എസ്ഡിആർഎഫ് ജവാന് നോട്ടീസ്
|അച്ചടക്കമില്ലായ്മ, കൃത്യവിലോപം എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്
ലഖ്നൗ: മേലധികാരിയുടെ വീട്ടിലെ മരത്തിൽ നിന്നും പേരയ്ക്ക പൊട്ടിച്ചതിന് എസ്‌ഡിആർഎഫ് (സംസ്ഥാന ദുരന്ത നിവാരണ സേന) ജവാന് നോട്ടീസ്. അച്ചടക്കമില്ലായ്മ,കൃത്യവിലോപം എന്നിവ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്.
ലഖ്‌നൗവിലെ എസ്‌ഡിആർഎഫ് കമാൻഡന്‍റിന്‍റെ ഔദ്യോഗിക വസതിയിൽ ഡ്യൂട്ടിയിലായിരുന്ന ജവാനാണ് നടപടി നേരിട്ടത്. കത്തിന് പുറമെ അദ്ദേഹത്തിന്‍റെ അനുചിതമല്ലാത്തെ പെരുമാറ്റത്തെക്കുറിച്ച് വിശദീകരണം തേടുകയും ചെയ്തു. എന്നാൽ നോട്ടീസ് ഒരിക്കലും പ്രതീക്ഷിക്കാത്ത ജവാൻ നൽകിയ വിശദീകരണം അധികാരികളെ ഞെട്ടിക്കുകയും വാക്കാലുള്ള മുന്നറിയിപ്പ് നൽകി വിട്ടയക്കുകയായിരുന്നു.
വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്‍റര്‍നെറ്റിൽ തിരഞ്ഞപ്പോൾ പേരയ്ക്ക കഴിച്ചാൽ ആശ്വാസം ലഭിക്കുമെന്ന് കണ്ടു. മെഡിക്കൽ അവധിക്ക് അപേക്ഷിക്കാൻ കഴിയാത്തതിനാലും ജോലി ഉപേക്ഷിക്കാൻ കഴിയാത്തതിനാലും ഈ വീട്ടുവൈദ്യം പരീക്ഷിച്ചു നോക്കാൻ അയാൾ തീരുമാനിക്കുകയായിരുന്നു. അദ്ദേഹം ചെയ്ത പ്രവൃത്തിയിൽ ഖേദം പ്രകടിപ്പിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തു. സർക്കാർ സ്വത്തിന് ഒരു നാശനഷ്ടവും വരുത്താൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും കൂട്ടിച്ചേര്‍ത്തു.