
ധർമ്മസ്ഥലയിലെ തിരച്ചിൽ; ഇന്ന് കണ്ടെത്തിയത് അധികം പഴക്കമില്ലാത്ത മൃതദേഹം
|പ്രഥമദൃഷ്ട്യാ ആത്മഹത്യ ചെയ്ത നിലയിലുള്ള മൃതദേഹമായിരുന്നു
മംഗളൂരു: ധർമസ്ഥലയിൽ മൃതദേഹങ്ങള്‍ കുഴിച്ചിട്ടെന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലുള്ള പരിശോധനയിൽ ഇന്ന് അധികം പഴക്കമില്ലാത്ത മൃതദേഹം കണ്ടെത്തി.
സാക്ഷി ചൂണ്ടിക്കാണിച്ചത് അല്ലാത്ത പുതിയ സ്പോട്ടിലാണ് പരിശോധന നടന്നത്. സാക്ഷി ചൂണ്ടിക്കാണിച്ച ഇടത്തേക്ക് പോകുന്ന വഴിക്കാണ് മൃതദേഹം കണ്ടത്. മൃതദേഹം മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിൽ ആയിരുന്നില്ല.
പുരുഷൻ്റെ മൃതദേഹമാണെന്നാണ് സൂചന. മൃതദേഹത്തിന്റെ അടുത്ത് മുണ്ടും ഷർട്ടും ഒരു കയറും ഉണ്ടായിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യ ചെയ്ത നിലയിലുള്ള മൃതദേഹമായിരുന്നു. സാക്ഷി ചൂണ്ടിക്കാണിച്ച ഇടത്ത് നിന്നല്ല മൃതദേഹം കിട്ടിയത്. വളരെയധികം വർഷം പഴക്കമുള്ള മൃതദേഹം അല്ല കണ്ടെത്തിയത്.
ധര്‍മസ്ഥലയിലെ മുന്‍ ശുചീകരണ തൊഴിലാളി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയ 15 സ്ഥലങ്ങളില്‍ ആറാമത്തെ പോയിന്റില്‍ നിന്നാണ് അസ്ഥിക്കൂടത്തിന്റെ ഒരു ഭാഗം കഴിഞ്ഞ ദിവസം കണ്ടെത്തിയത്. തുടര്‍ച്ചയായ മൂന്നാം ദിവസത്തിലെ പരിശോധനയിലായിരുന്നു നിർണായക തെളിവ് കണ്ടെത്തിയത്. രണ്ടടി താഴ്ചയില്‍ കുഴിച്ചപ്പോഴാണ് അസ്ഥികള്‍ കണ്ടെത്തിയിരുന്നത്.