< Back
India
ജമ്മുകശ്മീരിലെ ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു
India

ജമ്മുകശ്മീരിലെ ഉധംപൂരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

Web Desk
|
24 April 2025 10:46 AM IST

പഹൽഗാം ആക്രമണത്തിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ഉധംപൂരിലേത്.

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഉധംപൂരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലിനിടെ ഒരു സൈനികന് വീരമൃത്യു. കരസേനയും ജമ്മുകശ്മീർ പൊലീസുമാണ് ഭീകരരെ നേരിടുന്നത്.

പഹൽഗാം ആക്രമണത്തിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണ ശ്രമമാണ് ഉധംപൂരിലേത്. ആദ്യം ബാരാമുല്ലയിലെ ഉറിയിലൂടെയാണ് ഭീകരവാദികള്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. പിന്നാലെ കുൽഗാമിലും ശ്രമമുണ്ടായി. ഇതിന് പിന്നാലെയാണ് ഉധംപൂരിലേത്. പ്രത്യേക ഇന്റലിജൻസ് വിവരങ്ങളെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്നാണ് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥർ പറയുന്നത്.

ഇന്നലെ (ബുധനാഴ്ച) രാവിലെ ജമ്മുകശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിൽ വെടിവയ്പ്പ് നടന്നിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ തീവ്രവാദികൾ വെടിയുതിർത്തതിനെ തുടർന്നാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ജമ്മുകശ്മീരിലെ ബാരാമുല്ലയിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഭീകരരില്‍ നിന്ന് ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. മേഖലയിൽ സൈന്യം തെരച്ചിൽ ഊർജ്ജതമാക്കിയിരിക്കുകയാണ്.

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് സൈന്യത്തിന്റെ നടപടികളെല്ലാം. പഹല്‍ഗാമില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന് നടക്കും. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ വൈകീട്ട് ആറ് മണിക്കാണ് യോഗം നടക്കുക.

ഇതുവരെയുള്ള അന്വേഷണത്തിന്റെ വിവരങ്ങള്‍ രാഷ്ട്രീയ കക്ഷി നേതാക്കളെ സര്‍ക്കാര്‍ അറിയിക്കും. ഭീകരാക്രമണത്തിന് പാകിസ്താനില്‍ നിന്ന് സഹായം ലഭിച്ചെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇക്കാര്യം ഇന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ വിശദീകരിക്കും

Similar Posts