< Back
India
മണിപ്പൂരിൽ അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് വിലക്ക്
India

മണിപ്പൂരിൽ അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനത്തിന് വിലക്ക്

Web Desk
|
7 Aug 2022 1:27 PM IST

സോഷ്യൽ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങൾ വർഗീയ സംഘർഷത്തിലേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യൽ സെക്രട്ടറി എച്ച്. ഗയാൻ പ്രകാശ് മൊബൈൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയത്.

ഇംഫാൽ: സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ അഞ്ചു ദിവസത്തേക്ക് മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി. സോഷ്യൽ മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങൾ വർഗീയ സംഘർഷത്തിലേക്ക് നയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌പെഷ്യൽ സെക്രട്ടറി എച്ച്. ഗയാൻ പ്രകാശ് മൊബൈൽ ഇന്റർനെറ്റിന് വിലക്കേർപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം ഫൗഗക്ചാവോ ഇഖാങ്ങിൽ ഏതാനും ആളുകൾ ചേർന്ന് വാഹനം കത്തിച്ചുവെന്ന ബിഷ്ണുപൂർ ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ റിപ്പോർട്ടിന് പിന്നാലെയാണ് ഡാറ്റാ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ രണ്ടു മാസത്തേക്ക് സിആർപിസി 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തി.

മണിപ്പൂർ 'ഓട്ടോണമസ് ഡിസ്ട്രിക്റ്റ് കൗൺസിൽ ബിൽ 2021' നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ പാസാക്കണമെന്ന് വിദ്യാർഥി സംഘടനയായ ഓൾ ട്രൈബൽ സ്റ്റുഡന്റ് യൂണിയൻ മണിപ്പൂർ (എടിഎസ്‌യുഎം) ആവശ്യപ്പെട്ടിരുന്നു. ഇതിനു പകരമായി മണിപ്പൂർ ഡിസ്ട്രിക്ട് 6,7 ഭേദഗതി ബില്ലുകളാണ് ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാർ നിയമസഭയിൽ അവതരിപ്പിച്ചത്.

ഇതിനെതിരെ ഏതാനും ദിവസങ്ങളായി വൻ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ശനിയാഴ്ച പ്രതിഷേധ റാലി പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ 30 വിദ്യാർഥികൾക്കും രണ്ടു പൊലീസുകാർക്കും പരിക്കേറ്റിരുന്നു. പൊലീസ് അറസ്റ്റ് ചെയ്ത അഞ്ചു വിദ്യാർഥി നേതാക്കൾ റിമാൻഡിലാണ്. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം കനത്തതോടെയാണ് കൂടുതൽ നടപടികളുമായി സർക്കാർ രംഗത്തെത്തിയത്.

Similar Posts