
പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്തവർ പാകിസ്താൻ പൗരന്മാർ; ഓപ്പറേഷൻ മഹാദേവിൽ വധിച്ച മൂന്ന് പേരുടെയും ബയോമെട്രിക് വിവരങ്ങൾ സുരക്ഷാസേനക്ക് ലഭിച്ചു
|പാകിസ്താന്റെ നാഷണൽ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റിയിൽ (NADRA) നിന്നുള്ള ബയോമെട്രിക് ഡാറ്റ, വോട്ടർ ഐഡി സ്ലിപ്പുകൾ, സാറ്റലൈറ്റ് ഫോൺ ലോഗുകൾ, ദൃക്‌സാക്ഷി വിവരങ്ങളുമായി പൊരുത്തപ്പെടുന്ന ജിപിഎസ് പോയിന്റുകൾ എന്നിവ സുരക്ഷാസേനക്ക് ലഭിച്ചു
ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പങ്കുടുത്ത മൂന്ന് പേരെ ഓപ്പറേഷൻ മഹാദേവിൽ വധിച്ചതായി സുരക്ഷാസേന. ഇവർ പാകിസ്താൻ പൗരന്മാരെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ ലഭിച്ചതായും സുരക്ഷസേന അറിയിച്ചു. പാക് പൗരന്മാർ എന്ന് വ്യക്തമാക്കുന്ന തിരിച്ചറിയല്‍ രേഖകളും ബയോമെട്രിക് വിവരങ്ങളുമാണ് സുരക്ഷാസേനക്ക് ലഭിച്ചത്.
ജൂലൈ 28 ന് നടന്ന ഓപ്പറേഷൻ മഹാദേവിൽ ശ്രീനഗറിനടുത്തുള്ള ഡാച്ചിഗാം വനത്തിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് പേരും ലഷ്കർ-ഇ-ത്വയ്ബ പ്രവർത്തകരായിരുന്നുവെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഏപ്രിൽ 22 ന് പഹൽഗാമിലെ ബൈസരൻ പുൽമേടിൽ 26 പേർ കൊല്ലപ്പെട്ട ആക്രമണത്തിനുശേഷം അവർ അവിടെ ഒളിച്ചിരിക്കുകയായിരുന്നുവെന്നും ആക്രമണത്തിൽ പ്രദേശവാസികളുടെ പങ്കില്ലായെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
പാകിസ്താന്റെ നാഷണൽ ഡാറ്റാബേസ് ആൻഡ് രജിസ്ട്രേഷൻ അതോറിറ്റിയിൽ (NADRA) നിന്നുള്ള ബയോമെട്രിക് ഡാറ്റ, വോട്ടർ ഐഡി സ്ലിപ്പുകൾ, സാറ്റലൈറ്റ് ഫോൺ ലോഗുകൾ, ദൃക്‌സാക്ഷി വിവരങ്ങളുമായി പൊരുത്തപ്പെടുന്ന ജിപിഎസ് പോയിന്റുകൾ എന്നിവ സുരക്ഷാസേനക്ക് ലഭിച്ച തെളിവുകളിൽ ഉൾപ്പെടുന്നു.