
40 ലക്ഷം രൂപ തലക്ക് വിലയിട്ട മാവോവാദി നേതാക്കളെ വധിച്ച് സുരക്ഷാ സേന
|മാവോവാദികളുടെ നീക്കത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു
ന്യൂഡൽഹി: ഛത്തീസ്ഗഢിലെ നാരായൺപൂരിൽ രണ്ട് മാവോയിസ്റ്റ് നേതാക്കളെ സുരക്ഷാ സേന വധിച്ചു. രാജു ദാദ എന്ന രാമചന്ദ്ര റെഡ്ഡി, കോസ ദാദ എന്ന സത്യനാരായണ റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രണ്ടുപേർക്കും 40 ലക്ഷം രൂപ വീതം ഛത്തീസ്ഗഢ് സർക്കാർ തലക്ക് വിലയിട്ടിരുന്നു.
മഹാരാഷ്ട്രയോട് ചേർന്നുള്ള അബുജ്മദ് വനമേഖലയിൽ തിങ്കളാഴ്ച രാവിലെയാണ് ഏറ്റുമുട്ടൽ നടന്നത്. മാവോവാദികളുടെ നീക്കത്തെക്കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കുന്നു. മണിക്കൂറുകളോളം നീണ്ട വെടിവെപ്പിനൊടുവിൽ രണ്ട് പുരുഷ കേഡർമാരുടെ മൃതദേഹങ്ങൾ സംഭവസ്ഥലത്തുനിന്ന് കണ്ടെത്തുകയായിരുന്നു. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും ലഘുലേഖകളും പിടിച്ചെടുത്തു. ഈ വർഷം ഛത്തീസ്ഗഡിൽ നടന്ന വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 247 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചിട്ടുണ്ട്.