< Back
India
മഹാരാഷ്ട്രയിൽ നിയമസഭ പിരിച്ചുവിട്ടേക്കും; സൂചന നൽകി സഞ്ജയ് റാവത്തിന്‍റെ ട്വീറ്റ്
India

മഹാരാഷ്ട്രയിൽ നിയമസഭ പിരിച്ചുവിട്ടേക്കും; സൂചന നൽകി സഞ്ജയ് റാവത്തിന്‍റെ ട്വീറ്റ്

Web Desk
|
22 Jun 2022 12:08 PM IST

സഭ പിരിച്ചുവിട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് റാവത്ത് ട്വീറ്റ് ചെയ്തു

മഹാരാഷ്ട്ര: ശിവസേനക്കുള്ളിലെ വിമത നീക്കത്തെ തുടർന്ന് സർക്കാരിന്‍റെ ഭാവി അനിശ്ചിതത്വത്തിൽ തുടരുന്നതിനിടെ മഹാരാഷ്ട്ര നിയമസഭ പിരിച്ചുവിടേണ്ടി വരുമെന്ന സൂചന നല്‍കി സേന എം.പി സഞ്ജയ് റാവത്ത്. സഭ പിരിച്ചുവിട്ടേക്കാവുന്ന സാഹചര്യമാണ് നിലവിലുളളതെന്ന് റാവത്ത് ട്വീറ്റ് ചെയ്തു.

അധികാരം നഷ്ടപ്പെട്ടാലും പാര്‍ട്ടി പോരാട്ടം തുടരുമെന്നും ആദര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും റാവത്ത് പറഞ്ഞു. മന്ത്രിസഭ രാജിവച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടി ആദിത്യ താക്കറെ ട്വിറ്ററില്‍ നിന്നും ടൂറിസം മന്ത്രി എന്ന പദവി നീക്കം ചെയ്തിട്ടുണ്ട്. എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ സ്ഥിതി വിലയിരുത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് ഒരു മണിക്ക് അടിയന്തര മന്ത്രിസഭായോഗം വിളിച്ചിട്ടുണ്ട്.



വിമത എം.എൽ.എമാരെ അർധരാത്രിയോടെ ചാർട്ടേഡ് വിമാനത്തിൽ അസമിലേക്ക് കൊണ്ടുപോയിരുന്നു. എം.എൽ.എമാർ ബി.ജെ.പി തടങ്കലിലാണെന്ന് സഞ്ജയ് റാവത്ത് ആരോപിച്ചു. ബി.ജെ.പിക്കൊപ്പം നിന്ന് പുതിയ സർക്കാരുണ്ടാക്കാതെ വഴങ്ങില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് വിമത നീക്കത്തെ നയിക്കുന്ന മന്ത്രിയും മുതിർന്ന ശിവസേനാ നേതാവുമായ ഏക്നാഥ് ശിൻഡേ. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഫോണിൽ വിളിച്ച് നടത്തിയ അനുരഞ്ജന നീക്കങ്ങളോടും അദ്ദേഹം വഴങ്ങിയില്ല. എന്നാൽ ഒപ്പമുള്ള വിമത എം.എൽ.എമാരിൽ ചിലർ തിരികെ പോവാൻ ശ്രമിച്ചതായാണ് സൂചന. അങ്ങനെയാണ് സൂറത്തിൽ നിന്നും മറ്റൊരു സുരക്ഷിത ഇടത്തിലേക്ക് എം.എൽ.എമാരെ മാറ്റാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. 21 എം.എൽ.എമാർ ഇപ്പോൾ ഒപ്പമുണ്ടെന്നും 35ഓളം പേരുടെ പിന്തുണയുണ്ടെന്നുമാണ് ശിൻഡേയുടെ അവകാശ വാദം. എന്നാൽ എം.എൽ.എമാരെ തട്ടിക്കൊണ്ട് പോയതാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് ആരോപിച്ചു. നിതീഷ് ദേശ്മുഖിനെ പോലെ രക്ഷപ്പെടാൻ ശ്രമിച്ചവരെ മർദ്ദിച്ച് അവശരാക്കിയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

Similar Posts