< Back
India
Serving only halal meat on trains prima facie violation of human rights Says NHRC

Photo| Special Arrangement

India

'ട്രെയിനുകളിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് മനുഷ്യാവകാശ ലംഘനം'; റെയിൽവേക്ക് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

Web Desk
|
26 Nov 2025 5:09 PM IST

നടപടി സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് റെയിൽവേ ബോർഡ് ചെയർമാന് അയച്ച നോട്ടീസിൽ കമ്മീഷൻ ആവശ്യപ്പെട്ടു.

ന്യൂഡൽഹി: ട്രെയിനുകളിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി എൻഎച്ച്ആർസി റെയിൽവേയ്ക്ക് നോട്ടീസ് അയച്ചു.

പരാതിയിലെ ആരോപണങ്ങൾ പ്രകാരം, ഹലാൽ മാംസം മാത്രം ഉപയോ​ഗിക്കുന്നത് പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനങ്ങളുടെ പരിധിയിൽ വരുമെന്നും മാംസക്കച്ചവടം നടത്തുന്ന പട്ടികജാതി ഹിന്ദു സമൂഹങ്ങളുടെയും മറ്റ് മുസ്‌ലിം സമൂഹങ്ങളുടെയും ഉപജീവനമാർ​ഗത്തെ ഇത് ബാധിക്കുന്നുണ്ടെന്നും കമ്മീഷൻ അം​ഗം പ്രിയങ്ക് കനൂൻ​ഗോയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.

'ഹലാൽ മാംസം മാത്രം വിൽക്കുന്ന രീതി ഹിന്ദു പട്ടികജാതി സമൂഹങ്ങളുടെയും മുസ്‌ലിംകളല്ലാത്ത മറ്റ് സമൂഹങ്ങളുടേയും ഉപജീവനമാർ​ഗത്തെ മോശമായി ബാധിക്കുന്നതിനാൽ, അത് പ്രഥമദൃഷ്ട്യാ മനുഷ്യാവകാശ ലംഘനമാണെന്ന് കരുതുന്നു. ഭരണഘടനയുടെ മതേതര സ്വഭാവമനുസരിച്ച് എല്ലാ മതവിശ്വാസങ്ങൾക്കും ഭക്ഷണം തെരഞ്ഞെടുക്കാനുള്ള അവകാശത്തെ സർക്കാർ ഏജൻസിയായ റെയിൽവേ മാനിക്കണം'- ദേശീയ മനുഷ്യാവകാശ കമ്മീഷൻ നോട്ടീസിൽ വിശദമാക്കുന്നു.

റെയിൽവേ ഹലാൽ മാംസം വിൽക്കുന്നത് പാരമ്പര്യമായി മാംസക്കച്ചവട മേഖലയിലുള്ള പട്ടികജാതി ഹിന്ദു സമൂഹങ്ങൾക്കെതിരെ അന്യായമായ വിവേചനം സൃഷ്ടിക്കുന്നതാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് കമ്മീഷൻ റെയിൽവേക്ക് നോട്ടീസ് അയച്ചത്.

ഹലാൽ മാംസം വിൽക്കുന്നതിലൂടെ ഹിന്ദു, സിഖ് യാത്രക്കാർക്ക് ആവശ്യമായ ഭക്ഷണങ്ങൾ തെരഞ്ഞെടുക്കാനാവുന്നില്ലെന്ന് ആരോപിച്ചായിരുന്നു പരാതി. ഇത്, സമത്വം, വിവേചനമില്ലായ്മ, തൊഴിൽ സ്വാതന്ത്ര്യം, അന്തസോടെ ജീവിക്കാനുള്ള അവകാശം, മതസ്വാതന്ത്ര്യം എന്നിവ ഉറപ്പുനല്‍കുന്ന ഭരണഘടനാ ആര്‍ട്ടിക്കിള്‍ 14, 15, 19(1)(ജി), 21, 25 എന്നിവയുടെ ലംഘനമാണെന്ന് പരാതിയിൽ ആരോപിക്കുന്നു.

1993ലെ മനുഷ്യാവകാശ സംരക്ഷണ നിയമത്തിലെ സെക്ഷൻ 12 പ്രകാരമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന വിഷയം എൻഎച്ച്ആർസി പരി​ഗണിച്ചത്. ആവശ്യമായ നടപടി സ്വീകരിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് റെയിൽവേ ബോർഡ് ചെയർമാന് അയച്ച നോട്ടീസിൽ ആവശ്യപ്പെട്ടു.

Similar Posts