< Back
India
Sharjeel Imams Sister Farha Nishat Becomes Judge In Bihar
India

ഡൽഹി കലാപക്കേസിൽ ജയിലിൽ കഴിയുന്ന ഷർജീൽ ഇമാമിന്റെ സഹോദരി ബിഹാറിൽ ജഡ്ജി

Web Desk
|
30 Nov 2024 5:27 PM IST

ബിഹാർ ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ 139-ാം റാങ്ക് നേടിയാണ് ഫറ ജഡ്ജിയാകാൻ ഒരുങ്ങുന്നത്.

പട്‌ന: 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസിൽ പ്രതി ചേർക്കപ്പെട്ട വിദ്യാർഥി നേതാവ് ഷർജീൽ ഇമാമിന്റെ സഹോദരി ഫറാ നിഷാത് ബിഹാറിൽ ജഡ്ജിയാകും. ബിഹാർ ജുഡീഷ്യൽ സർവീസ് പരീക്ഷയിൽ 139-ാം റാങ്ക് നേടിയാണ് ഫറ ജഡ്ജിയാകാൻ ഒരുങ്ങുന്നത്.

''ഷർജീൽ ഇമാമിന്റെ സഹോദരനായ മുസമ്മിൽ ഇമാമാണ് സഹോദരിയുടെ നേട്ടം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഇതാണ് ജീവിതത്തിന്റെ തത്വശാസ്ത്രം. ഒരുവശത്ത് അടിച്ചമർത്തലിനെതിരെ പോരാടിയതിന് സഹോദരൻ ജയിലിൽ കഴിയുന്നു. മറുവശത്ത് സഹോദരി അടിച്ചമർത്തലുകൾക്കെതിരെ നീതിയുടെ ശബ്ദമാകാൻ ന്യായാധിപന്റെ കസേരയിലിരിക്കുന്നു. സഹോദരരി ഫറാ നിഷാത് 32-ാം ബിഹാർ ജുഡീഷ്യൽ സർവീസ് പരീക്ഷ പാസായി ജഡ്ജിയാകാൻ പോവുകയാണ്. അവളുടെ തീരുമാനങ്ങളിൽ ഒരു നിരപരാധിയും അടിച്ചമർത്തപ്പെടാതിരിക്കട്ടെ. അല്ലാഹു നിനക്ക് ശക്തിയും ധൈര്യവും നൽകട്ടെ''-മുസമ്മിൽ കുറിച്ചു.

റായ്പൂരിലെ ഹിദായത്തുല്ല നാഷണൽ ലോ യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഫറാ നിഷാത് എൽഎൽബി ബിരുദം നേടിയത്. നിയമബിരുദം പൂർത്തിയാക്കിയ ശേഷം 2018 മുതൽ 2021 വരെ സുപ്രീം കോടതിയിൽ ലോ ക്ലർക്ക് കം റിസർച്ച് അസിസ്റ്റൻറായി ജോലി ചെയ്തു. ഈ സമയത്താണ് ബിഹാർ ജുഡീഷ്യൽ സർവിസ് പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. ഏതൊരു സമൂഹത്തിലും കോടതിയുടെയും നീതിയുടെയും പങ്ക് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് ഫറ പറയുന്നു. കോടതികളുടെ സത്യസന്ധത കാത്തുസൂക്ഷിക്കേണ്ടത് ന്യായാധിപന്റെ ഉത്തരവാദിത്തമാണെന്നും ഫറ ചൂണ്ടിക്കാട്ടി.

ഡൽഹി കലാപത്തിന്റെ ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ട ഫറയുടെ സഹോദരൻ ഷർജീൽ ഇമാം ഇപ്പോഴും ജയിലിൽ കഴിയുകയാണ്. നിരവധി തവണ ജാമ്യഹരജി ഫയൽ ചെയ്തിട്ടും പരിഗണിക്കാൻ ഡൽഹി ഹൈകോടതി തയാറായിട്ടില്ല. തുടർന്ന് സുപ്രിംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു. ജാമ്യഹരജി പരിഗണിക്കുന്നത് വേഗത്തിലാക്കാൻ സുപ്രിംകോടതി ഡൽഹി ഹൈകോടതിക്ക് നിർദേശം നൽകിയിരിക്കുകയാണ്.

ഡൽഹി പൊലീസിന്റെ സ്പെഷ്യൽ ബ്രാഞ്ച് 2020ലെ കലാപവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹ കുറ്റം ചുമത്തിയാണ് ഷർജീൽ ഇമാമിനെതിരെ ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് യുഎപിഎ ചുമത്തുകയായിരുന്നു. 2020 ജനുവരി 28ന് അറസ്റ്റിലായ ഷർജീൽ ഇമാം അന്നുമുതൽ ജയിലിലാണ്.

Similar Posts