< Back
India
പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂരിന്;ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തരൂര്‍
India

പ്രഥമ സവർക്കർ പുരസ്‌കാരം ശശി തരൂരിന്;ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തരൂര്‍

Web Desk
|
10 Dec 2025 11:07 AM IST

ജൂറി ചെയര്‍മാന്‍ തരൂരിനെ നേരിട്ട് കണ്ട് പുരസ്കാര വിവരം അറിയിച്ചെന്നും വരാമെന്ന് സമ്മതിച്ചിരുന്നെന്നും എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ മീഡിയവണിനോട്

ന്യൂഡല്‍ഹി: എച്ച്ആർഡിഎസ് ഇന്ത്യയുടെ പ്രഥമ സവർക്കർ പുരസ്കാരം ശശി തരൂര്‍ എം.പിക്ക്. ഇന്ന് വൈകിട്ട് ഡൽഹിയിൽ കേന്ദ്രമന്ത്രി രാജ് നാഥ് സിങ്ങാണ് പുരസ്കാരം സമര്‍പ്പിക്കുക. അതേസമയം, പുരസ്‌കാരം സമർപ്പണ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂരിന്‍റെ ഓഫീസ് അറിയിച്ചു. തരൂരിൻ്റെയോ ഓഫീസിനെയോ അറിയിക്കാതെയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. പുരസ്‌കാരത്തെക്കുറിച്ച് തരൂർ അറിഞ്ഞത് മാധ്യമങ്ങളിലൂടെയെന്ന് എംപി ഓഫീസ് അറിയിച്ചു.

എന്നാല്‍ പുരസ്കാരത്തെക്കുറിച്ചും ശശി തരൂരിനെ അറിയിച്ചിരുന്നുവെന്നും ജൂറി ചെയര്‍മാര്‍ തരൂരിന്‍റെ വീട്ടില്‍ നേരിട്ട് പോയാണ് അവര്‍ഡിനെക്കുറിച്ച് പറഞ്ഞതെന്നും എച്ച്ആർഡിഎസ് സ്ഥാപക സെക്രട്ടറി അജി കൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു. തന്‍റെ കൂടെ അവാര്‍ഡ് വാങ്ങുന്നവരുടെ ലിസ്റ്റും തരൂര്‍ ചോദിച്ചു.രണ്ടാമത്തെ ദിവസം അതും തരൂരിന് കൊണ്ടുകൊടുത്തു.ഒരുമാസം മുന്‍പ് തുടങ്ങിയ പരിപാടിയാണ്. പുരസ്കാര ചടങ്ങിലേക്ക് വരാമെന്നും തരൂര്‍ സമ്മതിച്ചെന്നും അജി പറഞ്ഞു.

അതേസമയം, സവർക്കറുടെ പേരിലുള്ള ഒരു അവാർഡും ഒരു കോൺഗ്രസുകാരനും വാങ്ങാൻ പാടില്ലെന്നും ശശി തരൂർ അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കെ. മുരളീധരന്‍ രാവിലെ പ്രതികരിച്ചിരുന്നു. 'ബ്രിട്ടീഷുകാർക്ക് മാപ്പ് എഴുതികൊടുത്ത ആളാണ് സവർക്കർ.തിരുവനന്തപുരത്ത് ബൂത്തിൽ എത്തി അദ്ദേഹം വോട്ട് ചെയ്തിട്ടുണ്ട്. കോൺഗ്രസ് സ്ഥാനാർഥിയോടൊപ്പം എത്തിയാണ് വോട്ട് ചെയ്തത്.കോൺഗ്രസിൽ തുടരും എന്നുള്ളതുകൊണ്ടാണല്ലോ അദ്ദേഹം വന്നത്?'.. കെ.മുരളീധരൻ ചോദിച്ചു.


Similar Posts