< Back
India
നെഹ്‌റുവിനോടും ഇന്ദിരയോടും കാണിച്ച മര്യാദ അദ്വാനിയോടും കാണിക്കണം; എൽ.കെ അദ്വാനിയെ പുകഴ്ത്തി ശശി തരൂർ
India

'നെഹ്‌റുവിനോടും ഇന്ദിരയോടും കാണിച്ച മര്യാദ അദ്വാനിയോടും കാണിക്കണം'; എൽ.കെ അദ്വാനിയെ പുകഴ്ത്തി ശശി തരൂർ

Web Desk
|
9 Nov 2025 2:00 PM IST

ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ മര്യാദ കാണിക്കണമെന്ന് ശശി തരൂർ

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി എന്നിവരെ പോലെ അദ്വാനിയുടെ പതിറ്റാണ്ടുകളുടെ പൊതുസേവനത്തെ ഒരൊറ്റ സംഭവത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തരുതെന്ന് കോൺഗ്രസ് എംപി ശശി തരൂർ. എക്‌സിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ അദ്വാനിയെ മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റുവിനോടും ഇന്ദിരാഗാന്ധിയോടും താരതമ്യം ചെയ്ത് ഒരു നേതാവിന്റെയും പാരമ്പര്യം ഒരൊറ്റ സംഭവത്തിലേക്ക് ചുരുക്കരുതെന്ന് ശശി തരൂർ വാദിച്ചു.

'അദ്ദേഹത്തിന്റെ നീണ്ട സേവനകാലത്തെ ഒരു ഘട്ടത്തിലേക്ക് ചുരുക്കുന്നത്, അത് എത്ര പ്രധാനമാണെങ്കിലും, അന്യായമാണ്. ചൈനയിലെ തിരിച്ചടി കൊണ്ട് നെഹ്‌റുവിന്റെയും അടിയന്തരാവസ്ഥ കൊണ്ട് മാത്രം ഇന്ദിരാഗാന്ധിയുടെയും പാരമ്പര്യം നിർവചിക്കാൻ കഴിയാത്തതുപോലെ, അദ്വാനിജിയോടും അതേ നീതി കാണിക്കണം.' തരൂർ എക്‌സിൽ എഴുതി. അദ്വാനിയെ 'ഒരു യഥാർത്ഥ രാഷ്ട്രതന്ത്രജ്ഞൻ' എന്നാണ് തരൂർ വിശേഷിപ്പിച്ചത്. അദ്വാനിക്ക് ജന്മദിനാശംസകൾ നേർന്ന പോസ്റ്റിൽ അദ്വാനിയുടെ പൊതുസേവനത്തോടുള്ള പ്രതിബദ്ധതയെ തരൂർ പ്രശംസിച്ചു.

എന്നാൽ ശശി തരൂരിന്റെ പോസ്റ്റിനെ വിമർശിച്ച് സുപ്രിം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ രംഗത്ത് വന്നു. രാമജന്മഭൂമി ക്ഷേത്ര നിർമാണത്തിനായി ആഹ്വാനം ചെയ്ത രഥയാത്രയിൽ അദ്വാനിയുടെ പങ്ക് പൊതുസേവനമായി കണക്കാക്കാനാവില്ലെന്ന് സഞ്ജയ് പറഞ്ഞു. 'ഈ രാജ്യത്ത് "വെറുപ്പിന്റെ വ്യാളി വിത്തുകൾ" അഴിച്ചുവിടുന്നത് പൊതുസേവനമല്ല' തരൂരിന് മറുപടിയായി സഞ്ജയ് ഹെഗ്‌ഡെ എഴുതി.


Similar Posts