< Back
India
‘അഴിമതിയുടെ കറയില്ലാത്തത് കൊണ്ടാണ് ജമാഅത്ത് വിജയിക്കുന്നത്’; ബംഗ്ലാദേശ് ധാക്ക യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ പ്രതികരണവുമായി ശശി തരൂർ
India

‘അഴിമതിയുടെ കറയില്ലാത്തത് കൊണ്ടാണ് ജമാഅത്ത് വിജയിക്കുന്നത്’; ബംഗ്ലാദേശ് ധാക്ക യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പിൽ പ്രതികരണവുമായി ശശി തരൂർ

Web Desk
|
12 Sept 2025 4:41 PM IST

ഇസ്‌ലാമി ഛാത്ര ശിബിർ (ഐസിഎസ്) ധാക്ക യൂണിവേഴ്‌സിറ്റിയിലെ 12 ജനറൽ സീറ്റുകളിൽ ഒമ്പതിലും വിജയിച്ചു

ന്യൂഡൽഹി: ധാക്ക യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് ജമാഅത്തെ ഇസ്‍ലാമിയുടെ പിന്തുണയുള്ള വിദ്യാർത്ഥി സംഘടന വിജയിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി കോൺഗ്രസ് എം.പി ശശി തരൂർ. വിദ്യാർഥി സംഘടനയുടെ വിജയത്തെക്കുറിച്ചുള്ള പത്രവാർത്തയുടെ ചിത്രം സഹിതമാണ് എക്സിൽ പ്രതികരണം പങ്കുവെച്ചിരിക്കുന്നത്. ധാക്ക യൂണിവേഴ്സിസിറ്റി സ്റ്റുഡൻസ് യൂണിയൻ തെരഞ്ഞെടുപ്പിൽ 12 സീറ്റിൽ ഒമ്പതിലും ഛാത്ര ഷിബിറിന്റെ പിന്തുണയിൽ മത്സരിച്ച യുണൈറ്റഡ് സ്റ്റുഡൻസ് അലയൻസാണ് വിജയിച്ചത്. വൈസ് പ്രസിഡന്റ്, ജനറൽ സെ​ക്രട്ടറി അസിസ്റ്റന്റ് ജനറൽ സെ​ക്രട്ടറി എന്നീ സുപ്രധാന പോസ്റ്റുകളിലാണ് പാർട്ടി ജയിച്ചത്.

ഇവരുടെ വിജയം 2026 ലെ പൊതുതെരഞ്ഞെടുപ്പിനെ എങ്ങനെ ബാധിക്കുമെന്നും, ജമാഅത്തിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സർക്കാരിനെ ഇന്ത്യക്ക് ഉടൻ അഭിമുഖീകരിക്കേണ്ടിവരുമോയെന്നും അദ്ദേഹം എക്സിൽ കുറിയിച്ചു.

‘മിക്ക ഇന്ത്യക്കാരുടെയും മനസിൽ ഈ വാർത്ത അനിഷ്ടമുണ്ടാക്കിയേക്കാം. എന്നാലും, വരാനിരിക്കുന്നതിന്റെ ആശങ്കാജനകമായ സൂചനയാണിത്. അവാമി ലീഗിനോടും നാഷണൽ പാർട്ടിയോടുമുള്ള അതൃപ്തി ബംഗ്ലാദേശിൽ വർധിച്ചു വരുന്നുണ്ട്. ഇവരെ അകറ്റി നിർത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ജമാഅത്തെ ഇസ്‍ലാമിയോട് കൂടുതൽ അടുക്കുന്നത്. അത് പക്ഷെ വോട്ടർമാർ മതമൗലികവാദികൾ ആയതുകൊണ്ടല്ല, മറിച്ച് മറ്റ് രണ്ട് പാർട്ടികളിൽ നിന്നും വിഭിന്നമായി അഴിമതിയുടെയും ദുർഭരണത്തിന്റെയും കറ ജമാഅത്തെ ഇസ്‍ലാമിയിൽ പുരണ്ടിട്ടില്ലാത്തത് കൊണ്ടാണ്. ഇത് എങ്ങനെയാണ് 2026 ഫെബ്രുവരിയിലെ പൊതുതിരഞ്ഞെടുപ്പിനെ ബാധിക്കുക. ഇന്ത്യക്ക് ഒരു ജമാഅത്ത് സർക്കാരിനെ നേരിടേണ്ടി വരുമോ’ തരൂർ എക്സിൽ കുറിച്ചു. 1971ൽ ബംഗ്ലാദേശ് രൂപീകരിക്കപ്പെട്ടതിന് ശേഷം ഇതാദ്യമായാണ് ധാക്ക യൂണിവേഴ്സിറ്റിയി​ൽ ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാർഥി വിഭാഗം യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്. ജമാഅത്ത് പിന്തുണയുള്ള ഇസ്‌ലാമി ഛാത്ര ശിബിർ (ഐസിഎസ്) ധാക്ക യൂണിവേഴ്‌സിറ്റിയിലെ 12 ജനറൽ സീറ്റുകളിൽ ഒമ്പതിലും വിജയിച്ചു. ചൊവ്വാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഐസിഎസ് സ്ഥാനാർഥിയായ സാദിഖ് ഖയീം വൈസ് പ്രസിഡന്റും എസ്.എം ഫർഹദ് ജനറൽ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടു.






Similar Posts