< Back
India
ഹിമാചല്‍പ്രദേശിലെ ഷിംല സഞ്ജൗലി പള്ളി പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട് മുനിസിപ്പൽ കമ്മീഷണർ കോടതി
India

ഹിമാചല്‍പ്രദേശിലെ ഷിംല സഞ്ജൗലി പള്ളി പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ട് മുനിസിപ്പൽ കമ്മീഷണർ കോടതി

Web Desk
|
4 May 2025 9:00 AM IST

പള്ളി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികൾ രംഗത്തുണ്ടായിരുന്നു. അനധികൃത നിർമാണമെന്നാരോപിച്ചായിരുന്നു ഹിന്ദുത്വവാദികളുടെ പ്രതിഷേധം

ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംല സഞ്ജൗലി പള്ളി പൂര്‍ണമായും പൊളിച്ചുമാറ്റാന്‍ കോടതി ഉത്തരവ്. അനധികൃത നിര്‍മാണമാണെന്ന് വ്യക്തമാക്കി, ഷിംലയിലെ മുനിസിപ്പൽ കോർപ്പറേഷൻ കോടതിയാണ് പള്ളിയുടെ അഞ്ച് നിലയും പൊളിച്ചുനീക്കണമെന്ന് ഉത്തരവിട്ടത്.

കെട്ടിട നിർമ്മാണ അനുമതി ഉൾപ്പെടെ ആവശ്യമായ അനുമതികളില്ലാതെയാണ് പള്ളി നിർമ്മിച്ചതെന്ന് എംസി കമ്മീഷണർ ഭൂപേന്ദർ കുമാർ ആട്രി വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ പൊളിക്കാൻ ഉത്തരവിട്ട മൂന്ന് നിലകൾക്ക് പുറമേ, താഴത്തെ രണ്ട് നിലകൾ കൂടി പൊളിക്കാനും അദ്ദേഹം ഉത്തരവിട്ടു. കഴിഞ്ഞ 15 വർഷത്തിനിടെ എംസി കമ്മീഷണർ കോടതിയിൽ 50ലധികം തവണ വാദം കേട്ട കേസാണിത്.

2025 മെയ് 8നകം കേസ് തീർപ്പാക്കണമെന്ന് ഹിമാചൽപ്രദേശ് ഹൈക്കോടതി, എംസി കമ്മീഷണറോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പള്ളി പൊളിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികള്‍ കുറെ നാളുകളായി രംഗത്തുണ്ടായിരുന്നു. അനധികൃത നിര്‍മാണെന്നാരോപിച്ചായിരുന്നു ഹിന്ദുത്വവാദികളുടെ പ്രതിഷേധം.

അതേസമയം ഉത്തരവിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പള്ളി ഭൂമിയുടെ ഉടമസ്ഥാവകാശ രേഖകൾ ഹാജരാക്കാൻ വഖഫ് ബോർഡിന് കഴിയാത്തതിനെ തുടർന്നാണ് ഉത്തരവ്. ഭൂമിയുടെ ഉടമസ്ഥാവകാശം വഖഫ് ബോർഡ് അവകാശപ്പെട്ടിരുന്നുവെങ്കിലും ബോര്‍ഡിനോ പള്ളി കമ്മിറ്റിക്കോ രേഖകള്‍ ഹാജരാക്കുവാന്‍ കഴിഞ്ഞിരുന്നില്ല. വഖഫ് ബോർഡും സഞ്ജൗലി മസ്ജിദ് കമ്മിറ്റിയും ചേര്‍ന്നാണ് പൊളിക്കൽ നടപടികൾ നടത്തേണ്ടത്.

ഹിമാചല്‍പ്രദേശില്‍ തീവ്രഹിന്ദുത്വവാദികളുടെ അക്രമാസക്ത പ്രതിഷേധപരിപാടികള്‍ക്കിടെ സഞ്ജൗലി പള്ളിയുടെ മൂന്നുനില പൊളിച്ചുനീക്കാന്‍ ഷിംല മുനിസിപ്പല്‍ കോര്‍പറേഷന്‍ ആവശ്യപ്പെട്ടത് കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ നിര്‍മിച്ച പള്ളി 2012ലാണ് മൂന്ന് നിലകള്‍കൂടി അധികമായി ഉയര്‍ത്തി അഞ്ചുനിലയാക്കിയത്.

Similar Posts