< Back
India
എട്ട് കോടിയുടെ റോള്‍സ് റോയ്‌സ് കാറിന്‍റെ ഉടമ; 35,000 രൂപയുടെ വൈദ്യുതി മോഷണം: ശിവസേന നേതാവിനെതിരെ കേസ്
India

എട്ട് കോടിയുടെ റോള്‍സ് റോയ്‌സ് കാറിന്‍റെ ഉടമ; 35,000 രൂപയുടെ വൈദ്യുതി മോഷണം: ശിവസേന നേതാവിനെതിരെ കേസ്

Web Desk
|
14 July 2021 12:05 PM IST

മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് പരാതി നല്‍കിയത്

വൈദ്യുതി മോഷ്ടിച്ചെന്ന പരാതിയില്‍ ശിവസേന നേതാവിനെതിരെ കേസ്. എട്ട് കോടിയുടെ റോള്‍സ് റോയ്‌സ് ആഡംബര കാറിന്‍റെ ഉടമയും ബിസിനസുകാരനുമായ സഞ്ജയ് ഗെയ്ക്‌വാദിനെതിരെയാണ് പൊലീസ് കേസെടുത്തത്.

കല്യാണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരനായ സഞ്ജയിനെതിരെ 35,000 രൂപയുടെ വൈദ്യുതി മോഷണം നടത്തിയെന്നാണ് പരാതി. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് പരാതി നല്‍കിയത്. പരാതിയില്‍ കോൾസേവാഡി പൊലീസാണ് കേസെടുത്തത്.

കല്യാൺ ഈസ്റ്റിലെ കോക്‌സേവാഡി പ്രദേശത്ത് ഗെയ്ക്‌വാദ് നടത്തുന്ന നിർമാണ സ്ഥലത്തെ ആവശ്യത്തിനായാണ് വൈദ്യുതി മോഷ്ടിച്ചു. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിക്ക് മാര്‍ച്ചില്‍ തന്നെ ഇതെക്കുറിച്ച് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് 34,840 രൂപയുടെ വൈദ്യുതി ചാര്‍ജും 15,000 രൂപ പിഴയും ചുമത്തി കമ്പനി ഇയാള്‍ക്ക് ബില്‍ അയച്ചിട്ടും യാതൊരു പ്രതികരണവും ഉണ്ടായില്ല. മൂന്ന് മാസം കഴിഞ്ഞിട്ടും ബില്‍ തുകയും പിഴയും കെട്ടാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെയാണ് കമ്പനി പരാതിയുമായി ജൂണ്‍ 30ന് പൊലീസിനെ സമീപിച്ചത്.

ജൂലൈ 12ന് പിഴ തുകയടക്കം 48,840 രൂപ ഗെയ്ക്‌വാദ് അടച്ചു. പിഴ അടച്ചെങ്കിലും കേസില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. അതേസമയം, എം‌എസ്‌ഇഡി‌സി‌എൽ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്നും വൈദ്യുതി മോഷണത്തിൽ തനിക്ക് പങ്കില്ലെന്നും ഗെയ്ക്‌വാദ് പറഞ്ഞു.

Similar Posts