< Back
India
മതവികാരം വ്രണപ്പെടും: നവരാത്രിക്കാലത്ത്  മുംബൈയിലെ ഷവർമ സ്റ്റാളുകൾ അടച്ചുപൂട്ടണമെന്ന് ശിവസേന നേതാവ്
India

'മതവികാരം വ്രണപ്പെടും': നവരാത്രിക്കാലത്ത് മുംബൈയിലെ ഷവർമ സ്റ്റാളുകൾ അടച്ചുപൂട്ടണമെന്ന് ശിവസേന നേതാവ്

Web Desk
|
30 March 2025 11:09 AM IST

അന്ധേരി ഈസ്റ്റിൽ മാത്രം 250ലധികം ഷവർമ സ്റ്റാളുകളുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും ശിവസേന നേതാവ് സഞ്ജയ് നിരുപം

മുംബൈ: നവരാത്രി ഉത്സവകാലത്ത് ഷവർമ സ്റ്റാളുകളും മറ്റ് നോണ്‍ വെജ് സ്റ്റാളുകളും അടച്ചുപൂട്ടണമെന്ന് ഏക്നാഥ് ഷിന്‍ഡെ വിഭാഗം ശിവസേന നേതാവ് സഞ്ജയ് നിരുപം. അത്തരം സ്റ്റാളുകള്‍ മത വികാരങ്ങളെ വ്രണപ്പെടുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

"ഇന്ന് മുതൽ നവരാത്രിയുടെ ദിനങ്ങള്‍ ആരംഭിക്കുകയാണ്. ധാരാളം ഭക്തർ ഉപവസിക്കുകയും ദേവിയെ ആരാധിക്കുകയും ചെയ്യുന്നു. അത്തരമൊരു സാഹചര്യത്തിൽ, മുംബൈയിലെ റോഡുകളിൽ ഷവർമ സ്റ്റാളുകൾ തുറന്നിരിക്കുന്നു, അവിടെ നോണ്‍ വെജ് ഭക്ഷണങ്ങള്‍ വിൽക്കുന്നു. ഇത് ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്''- അദ്ദേഹം പറഞ്ഞു.

അന്ധേരി ഈസ്റ്റിൽ മാത്രം 250ലധികം ഷവർമ സ്റ്റാളുകൾ ഉണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. നവരാത്രിയിൽ മാംസാഹാരം വിൽക്കുന്ന തെരുവ് കച്ചവടക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പാർട്ടി അംഗങ്ങളോടൊപ്പം എംഐഡിസി പൊലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സഞ്ജയ് നിരുപത്തിന്റെ പ്രസ്താവനക്കെതിരെ ശരദ്പവാര്‍ വിഭാഗം എന്‍സിപി രംഗത്ത് എത്തി. അദ്ദേഹത്തിന്റെ പ്രസ്താവനകൾ വെറും തമാശയാണെന്നായിരുന്നു ദേശീയ വക്താവ് അനീഷ് ഗവാണ്ടെയുടെ പ്രതികരണം.

''ഇന്നലെ അദ്ദേഹത്തിന് കുനാൽ കമ്രയുമായിട്ടായിരുന്നു(ഏക്നാഥ് ഷിന്‍ഡയെ വിമര്‍ശിച്ച സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍) പ്രശ്നം. ഇന്ന് ഷവർമ സ്റ്റാളുകള്‍ക്കെതിരെയാണ്. നാളെ നിങ്ങളോ അല്ലെങ്കില്‍ ഞാനോ ഒക്കെ ആയിരിക്കും അയാളുടെ ശത്രു. യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് വഴിതിരിച്ചുവിടാനാണ് ഇവര്‍ മതത്തെ ഉപയോഗിക്കുന്നത്''- ഗവാണ്ടെ വ്യക്തമാക്കി.

Similar Posts